കോട്ടയം: ജനകീയൻ – കേരള രാഷ്ട്രീയത്തിൽ ഈ വിശേഷണത്തിന് ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരു അവകാശിയില്ല. ആൾക്കൂട്ടത്തിന്റെ നേതാവെന്ന് പ്രിയപ്പെട്ട “ഒസി’യെ അനുയായികളും എതിരാളികളും ഒരേപോലെ വിളിച്ചത്, കൈയകലത്തിൽ ഉണ്ടായാലും ജനപ്രളയത്തിന്റെ ചുഴിയിൽ അകപ്പെട്ട് തങ്ങളിൽ അകന്നുപോവുന്ന പ്രഭാവലയം കൊണ്ടുകൂടിയാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന വടവൃക്ഷത്തിന്റെ തണലിൽ വളർന്ന നേതാവെന്ന വിശേഷണം ഉമ്മൻ ചാണ്ടിക്ക് ചേരില്ല. പുതുപ്പള്ളിയിൽ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ പടയോട്ടം കേരളത്തിലെ കോൺഗ്രസിന് താങ്ങും തണലുമായി എന്നതാണ് ശരിയായ നിരീക്ഷണം.
1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടി – ബേബി ചാണ്ടി ദമ്പതികളുടെ മകനായി ജനിച്ച ഉമ്മൻ ചാണ്ടി കെഎസ്യുവിലൂടെയാണ് സംഘടനാ പ്രവർത്തനമാരംഭിച്ചത്. കെഎസ്യുവിന്റെ കേരളത്തിലെ പ്രസിദ്ധമായ ഒരണ വിദ്യാർഥി കൺസഷൻ സമരത്തിലൂടെയാണ് ഉമ്മൻ ചാണ്ടി രാഷ്ട്രീയ നേതൃനിരയിൽ എത്തുന്നത്.
പിന്നീട് 1962-ൽ കെഎസ്യു കോട്ടയം ജില്ലാ സെക്രട്ടറിയായ അദ്ദേഹം അഞ്ച് വർഷത്തിനുള്ളിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു. പാർട്ടി അഖിലേന്ത്യാ തലത്തിൽ ആദ്യമായി വൻ പിളർപ്പ് നേരിട്ട 1969-ലാണ് അദ്ദേഹം യൂത്ത് കോൺഗ്രസിന്റെ സംസ്ഥാനത്തെ അമരക്കാരനാകുന്നത്.
1970-ൽ രൂപംകൊണ്ട പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് – ഐ വിഭാഗം സ്ഥാനാർഥിയാകാൻ ആളെ കിട്ടാതെ വന്നപ്പോഴാണ് യുവനേതാവായ തന്നെത്തേടി അവസരം വന്നതെന്ന് ഉമ്മൻ ചാണ്ടി വെളിപ്പെടുത്തിയിട്ടുണ്ട്. പാർട്ടിയുടെ ഔദ്യോഗിക വിഭാഗമായിരുന്ന സംഘടനാ കോൺഗ്രസ്(കോൺഗ്രസ് – ഒ) പക്ഷത്ത് നിന്നുള്ള സ്ഥാനാർഥിയും അന്നത്തെ എംഎൽഎയുമായ കെ.എം. ജോർജിന് മുമ്പിൽ തോൽക്കാനായുള്ള ഒരു ബലിയാടായി ഏവരും ഉമ്മൻ ചാണ്ടിയെ കരുതി.
എന്നാൽ മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയ അദ്ദേഹം തന്റെ രാഷ്ട്രീയ അശ്വമേധത്തിന് തുടക്കമിടുകയായിരുന്നു. ഉമ്മൻ ചാണ്ടി എന്ന പേര് എന്നേക്കുമായി മായ്ച്ചുകളയും വിധം “കുഞ്ഞൂഞ്ഞിന്റെ’ ജനകീയത വളർന്നു.
എ.കെ. ആന്റണിയുടെ വിശ്വസ്ത പോരാളിയായി നിന്നതോടെ, ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലുതും നീണ്ടുനിന്നതുമായ ഗ്രൂപ്പ് വഴക്കിന്റെ പ്രധാനഭാഗത്ത് അദ്ദേഹം നിലകൊണ്ടു. ആശ്രിതവത്സലനായ നേതാവിനൊപ്പം നിൽക്കാൻ ഏവരും മത്സരിച്ച കാലത്ത്, പാർട്ടിയിലെ എതിർപ്പിന്റെ സ്വരമായി അദ്ദേഹം കരുത്തറിയിച്ചു.
എന്നാൽ സമർഥമായ നീക്കങ്ങളിലൂടെ ഔദ്യോഗിക വിഭാഗത്തോടും ദേശീയ നേതൃത്വത്തിലെ ഒന്നാം കുടുംബത്തോടും അടുക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. ഈ നയതന്ത്രജ്ഞതയാണ് അദ്ദേഹത്തിന് എക്കാലവും വിജയങ്ങൾ സമ്മാനിച്ചത്.
തർക്കങ്ങളുടെ പേരിൽ അകന്നുനിൽക്കുന്ന രണ്ട് വിശ്വാസിവിഭാഗങ്ങളുടെയും ജനപ്രതിനിധിയായി, അവരുടെ രണ്ട് കൂട്ടരുടെയും വോട്ട് വാങ്ങി പുതുപ്പള്ളിയിൽ നിന്ന് 50 വർഷം നിയമസഭയിലെത്തി അദ്ദേഹം റിക്കാർഡിട്ടു.
1977-ൽ തൊഴിൽ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് ആദ്യമായി മന്ത്രിപദത്തിലെത്തിയ ഉമ്മൻ ചാണ്ടി മുന്നണി രാഷ്ട്രീയത്തിലെ അരക്കിട്ടുറപ്പിക്കലുകൾ നടന്ന 1982-ൽ ആഭ്യന്തരമന്ത്രി പദവിയിലെത്തി. തിരുത്തൽവാദികൾ നിറഞ്ഞ 1991 കാലഘട്ടത്തിൽ, രാഷ്ട്രീയ നൂൽപ്പാലങ്ങൾ കടക്കുമ്പോൾ എക്കാലത്തും കൈമുതലായ മെയ്വഴക്കം കൊണ്ട് അദ്ദേഹം ധനവകുപ്പിന്റെ ചുമതല ഏറ്റെടുത്തു.
2004-ൽ എ.കെ ആന്റണി മുഖ്യമന്ത്രി പദം ഒഴിഞ്ഞതോടെ, പുതുപ്പള്ളിയുടെ ഭാഗ്യവും ഭാഗധേയവുമായി കുഞ്ഞൂഞ്ഞ് കേരളത്തിന്റെ നായകനായി. അതിവേഗം ബഹുദൂരം മുന്നേറിയ അദ്ദേഹം 72 എംഎൽഎമാരുടെ നേരിയ ഭൂരിപക്ഷം ഉപയോഗിച്ച് 2011 മുതൽ അഞ്ച് വർഷം കാലാവധി തികച്ചു.
മുഖ്യമന്ത്രി നേരിട്ടിറങ്ങി ജനങ്ങളുടെ പരാതി കേൾക്കുന്ന ജനസമ്പർക്ക പരിപാടി കേരളം കണ്ട ഏറ്റവും വലിയ പൊതു പ്രശ്നപരിഹാര വേദിയാക്കി മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു.
വിവാദസൂര്യൻ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെങ്കിലും എല്ലാ സത്യങ്ങളും ഒരുനാൾ വെളിച്ചത് വരുമെന്ന അദ്ദേഹത്തിന്റെ വിശ്വാസം സത്യമായി. ജനമനസിൽ എന്നും മിന്നും താരകമായി നിലനിൽക്കുന്ന പ്രിയ ഉമ്മൻ ചാണ്ടിക്ക് വിട.