കോട്ടയം: അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഇടതു വലതു മുന്നണികള്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞിരിക്കുന്പോൾ മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചു മനസ് തുറന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
രാഷ്ട്രദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം യുഡിഎഫ് നേതൃത്വത്തെക്കുറിച്ചും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചും സൂചിപ്പിച്ചത്.
എംപിയായി ഡൽഹിയിൽ പ്രവർത്തനം കേന്ദ്രീകരിച്ചിരുന്ന മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്കു തിരിച്ചുവരുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണവും വന്നിരിക്കുന്നത്.
ഭേദപ്പെട്ട അഭിപ്രായം നേടി നീങ്ങിക്കൊണ്ടിരുന്ന പിണറായി സർക്കാരിനു മേൽ സ്വർണക്കടത്തു കേസ് ആഞ്ഞടിച്ചതു മുതലാണ് യുഡിഎഫിനു പുതുജീവൻ കിട്ടിയത്.
സ്വപ്നയ്ക്കു മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ശിവശങ്കരനുമായുള്ള ബന്ധത്തെത്തുടർന്ന് ഉയർന്ന വിവാദങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുകയാണ്.
ഏറ്റവുമൊടുവിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കു സ്വർണ-ലഹരി മരുന്നു കേസിൽ പിടിയിലായ ചിലരുമായുണ്ടായിരുന്ന അടുപ്പം സർക്കാരിനു തലവേദനയായി മാറുന്നതിനിടയിലാണ് യുഡിഎഫ് കൂടുതൽ പ്രതീക്ഷയോടെ നീക്കങ്ങൾ സജീവമാക്കിയിരിക്കുന്നത്.
ഇതിനിടെ, കേരള കോൺഗ്രസ്-എം മുന്നണി വിടുന്നതു യുഡിഎഫിനെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും അതു പുറത്തുകാണിക്കാതെ മുന്നോട്ടുപോകാനാണ് യുഡിഎഫ് നീക്കം.
എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ ആന്ധ്രയുടെ ചുമതല നോക്കിയിരുന്ന ഉമ്മൻ ചാണ്ടി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിൽ കൂടുതൽ സജീവമാകുമെന്ന സൂചനയാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽനിന്നു ലഭിക്കുന്നത്.
ഈ അവസരത്തില്‍ യുഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകും എന്ന ചോദ്യവും ഉയരുന്നു. രണ്ടു വട്ടം മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി മൂന്നാം വട്ടം മുഖ്യമന്ത്രിയാകുമോ അതോ നിലവില്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്കാകുമോ നറുക്കുവീഴുക എന്ന ചർച്ചകൾ സജീവമാകുന്നതിനിടയിലാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം വന്നിരിക്കുന്നത്.
മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തല വളരെ യോഗ്യനാണെന്നു ഉമ്മൻ ചാണ്ടി പ്രതികരിച്ചു. പക്ഷേ, തീരുമാനം എടുക്കേണ്ടതു ഹൈക്കമാൻഡ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വളരെ മികച്ച പ്രകടനമാണ് ചെന്നിത്തല കാഴ്ചവയ്ക്കുന്നതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍, തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വളരെ മികച്ച പ്രകടനമാണ് ചെന്നിത്തല കാഴ്ച വയ്ക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ ഇങ്ങനെ:
ഒരു കാലത്തും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന രീതി യുഡിഎഫിന് ഇല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനോ ഫലം വന്നതിനോ ശേഷം ഹൈക്കമാന്‍ഡ് കൂടി തീരുമാനിക്കും- അദ്ദേഹം രാഷ്ട്രദീപികയോടു പറഞ്ഞു.
അതേസമയം, മൂന്നാം വട്ടം മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ പുഞ്ചിരിയോടെയാണ് മറുപടി പറഞ്ഞത്. ആകുമോ ഇല്ലെയോ എന്നു വ്യക്തമായി പറയാതെ അതെല്ലാം പാർട്ടി തീരുമാനിക്കട്ടെ എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.