സ്വന്തം ലേഖകന്
കണ്ണൂര്: കണ്ണൂരിലും മലയോര പ്രദേശങ്ങളിലും വികസനം വാക്കില് മാത്രമല്ല, പ്രവൃത്തിയിലാണെന്നു തെളിയിച്ച മുന് മുഖ്യമന്ത്രിയാണ് അന്തരിച്ച ഉമ്മന്ചാണ്ടി. ഉമ്മന്ചാണ്ടി മന്ത്രിയും മുഖ്യമന്ത്രിയായിരുന്നപ്പോള് നടപ്പിലാക്കിയ വികസന പദ്ധതികള് ഏറെയാണ്.
കണ്ണൂര്-കാസര്ഗോഡ് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ നിര്മാണ പ്രവൃത്തി പൂര്ത്തിയായത് ഉമ്മന്ചാണ്ടി മുഖ്യമന്ത്രിയായ കാലയളവിലാണ്.
ഇരിക്കൂര് മണ്ഡലത്തിലൂടെയുള്ള 50 കിലോമീറ്റര് ദൂരത്തിന് 232 കോടി രൂപയാണു മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്ചാണ്ടി അനുവദിച്ചത്. മലയോര മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുവാന് മലയോര ഹൈവേയ്ക്ക് കഴിഞ്ഞു.
തളിപ്പറന്പ്-മണക്കടവ്-കൂര്ഗ് റോഡ് യാഥാര്ഥ്യമാക്കിയതും ഉമ്മന്ചാണ്ടിയാണ്. ഉമ്മന്ചാണ്ടി ധനകാര്യമന്ത്രിയായിരിക്കുന്പോഴാണ് ബജറ്റില് കൂര്ഗ് റോഡിനു വേണ്ടി തുക വകയിരുത്തിയത്. മുഖ്യമന്ത്രിയായിരുന്നപ്പോള് തുക അനുവദിക്കുകയും ചെയ്തു.
മലയോര ഹൈവേയും കൂര്ഗ് റോഡും യാഥാര്ഥ്യമായതോടെ ഒട്ടേറെ വികസന പദ്ധതികളാണ് മലയോര മേഖലയിലേക്ക് കടന്നുവന്നത്.
കെ.സി. ജോസഫ് എംഎല്എ ആയിരുന്നപ്പോള് ഇരിക്കൂര് മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി നിരവധി കാര്യങ്ങളാണ് മന്ത്രിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും ഉമ്മന്ചാണ്ടി ചെയ്തത്.
കാര്ത്തികപുരം പാലം, മണിയന്കൊല്ലിപാലം എന്നിവ യാഥാര്ഥ്യമാക്കിയത് ഉമ്മന്ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ് നുച്യാട് പാലം നിര്മിച്ചത്. മലയോര മേഖലയിലെ പ്രധാന പഞ്ചായത്തുകളിലൊന്നായ ഉദയഗിരി പഞ്ചായത്ത് രൂപീകരിക്കാന് മുന്കൈയെടുത്തത് ഉമ്മന്ചാണ്ടി തൊഴില്മന്ത്രിയായിരുന്നപ്പോഴാണ്.
കോണ്ഗ്രസ് നേതാവായ തോമസ് വെക്കത്താനത്തിന്റെ നേതൃത്വത്തില് 1978ലാണ് ഉദയഗിരി പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ഉമ്മന്ചാണ്ടിയെ കണ്ട് അറിയിച്ചത്. 1980ല് ഉദയഗിരി പഞ്ചായത്ത് യാഥാര്ഥ്യമാവുകയും ചെയ്തു.
കുടിയേറ്റ മേഖലയായ ശ്രീകണ്ഠപുരത്തെ വള്ളോപ്പിള്ളി കുടിയേറ്റ മ്യൂസിയം സാക്ഷാത്കരിച്ചത് ഉമ്മന്ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ്. മലയോര മേഖലയുടെ മാത്രമല്ല, കണ്ണൂര് ജില്ലയുടെ വികസനത്തിന് സമഗ്ര സംഭാവനകളാണ് ഉമ്മന്ചാണ്ടി മുഖ്യമന്ത്രിയായ കാലയളവില് നടത്തിയത്.
കണ്ണൂര് വിമാനത്താവള നിര്മാണം വേഗത്തിലായക്കുകയും വിമാനത്താവള ടെര്മിനലിന് തറക്കല്ലിട്ട് ഒടുവില് യാഥാര്ഥ്യമാക്കി പരീക്ഷണ പറക്കല് നടത്തിയതിനുശേഷമാണ് മുഖ്യമന്ത്രി കസേരയില് നിന്നും പടിയിറങ്ങിയത്.
കണ്ണൂര് നഗരസഭ കോര്പറേഷന് രൂപീകരിക്കാന് മുന്കൈയെടുത്തതും ഉമ്മന്ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്പോഴാണ്. ശ്രീകണ്ഠപുരത്തിനു സമീപം നിടിയേങ്ങയ്ക്കടുത്ത കാക്കണ്ണന്പാറയില് കലാഗ്രാമം തറക്കല്ലിട്ടതും ഉമ്മന്ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
സംസ്ഥാന ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിലാണ് കാക്കണ്ണന്പാറയിലെ മൂന്ന് ഏക്കര് സ്ഥലത്തു ഗ്ലോബല് ആര്ട്ട് വില്ലേജ് ഒരുക്കിയത്.
ഉത്തരമലബാറിന്റെ വികസന സ്വപ്നങ്ങള്ക്കു നിറമേകി അഴീക്കല് തുറമുഖത്തുനിന്നും ചരക്ക്കപ്പല് ഗതാഗതം ആരംഭിച്ചത് ഉമ്മന്ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
മലയോര ജനതയുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ഇരിട്ടി താലൂക്ക് രൂപീകരിച്ചതും ശ്രീകണ്ഠപുരം, പാനൂര്, ഇരിട്ടി, ആന്തൂര് നഗരസഭകളും കണ്ണൂര് കോര്പറേഷന് രൂപീകരിച്ചും ഉമ്മന്ചാണ്ടി മുഖ്യമന്ത്രിയായിരുന്നു 2011-2016 കാലയളവിലായിരുന്നു.
ഏഴു പുതിയ പാലങ്ങളുമായി തലശേരി-വളവുപാറ കെഎസ്ടിപി റോഡിന്റെയും തലശേരി-മാഹി ബൈപ്പാസിന്റെയും പ്രവൃത്തി തുടങ്ങിയതും മൊയ്തുപാലത്തിന്റെ നിര്മാണവും ഉമ്മന്ചാണ്ടിയുടെ കാലയളവിലായിരുന്നു.
കണ്ണൂര് വിമാനത്താവളം, അഴീക്കല് പോര്ട്ട്, കൈത്തറി ഗ്രാമം, കണ്ണൂര് കോട്ട വികസനം, കണ്ടെയ്നര് ഫ്രൈറ്റ് സ്റ്റേഷന്, മുണ്ടയാട് സ്പോര്ട്സ് കോംപ്ലക്സ് തുടങ്ങി നിരവധി പദ്ധതികളാണു കണ്ണൂരിനായി ഇക്കാലയളവില് കൊണ്ടുവന്നത്.
കാര്ഷിക മേഖലയിലെ നിരവധി പ്രശ്നങ്ങള്ക്ക് പരിഹാരം കാണുവാനും മുഖ്യമന്ത്രിയായിരുന്ന കാലയളവില് സാധിച്ചു.
വില തകര്ച്ചയില് കാര്ഷികോത്പന്നങ്ങള്ക്ക് തറ വില പ്രഖ്യാപിച്ചതിനോടൊപ്പം വന്യമൃഗശല്യങ്ങള്ക്കെതിരേ ആനമതില് നിര്മാണം ഉള്പ്പെടെ നടപ്പിലാക്കി. വളയംചാലില് ആനമതില് നിര്മിച്ചതും ഉമ്മന്ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ്.