തിരുവനന്തപുരം: ശോഭിക്കുന്ന ഭരണാധികാരിയും കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. വിദ്യാര്‍ഥി ജീവിതകാലം തൊട്ട് സജീവ രാഷ്ട്രീയ രംഗത്തുണ്ടായ അദ്ദേഹം കോണ്‍ഗ്രസിന്റെ മികച്ച സംഘാടകനും നേതാവുമായിരുന്നു.
1970-ലാണ് ഉമ്മന്‍ ചാണ്ടി പാര്‍ലമെന്ററി പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് തൊട്ട് ഇന്നുവരെ 53 വര്‍ഷമാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഇത് റിക്കാര്‍ഡാണ്.
ശോഭിക്കുന്ന ഭരണാധികാരിയാണ് താനെന്ന് അദ്ദേഹം കേരളത്തിന് മുന്നിൽ തെളിയിച്ചു. രണ്ടുതവണ മുഖ്യമന്ത്രിയായ ഘട്ടത്തിലും അദ്ദേഹത്തിന്റെ വിപുലമായ പരിജ്ഞാനം വലിയ തോതിൽ ശക്തി പകർന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അദ്ദേഹം പ്രാധാന്യം നൽകി. ചലിക്കുന്ന നേതാവായി അദ്ദേഹം മാറി. കോൺഗ്രസിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണ്.
ഒടുവില്‍ രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും ഒരുഘട്ടത്തിലും ഉമ്മന്‍ ചാണ്ടി പതറിയിരുന്നില്ല. രോഗാവസ്ഥയില്‍ ഒരു പരിപാടിയില്‍ വച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ നേരത്തെ കണ്ടതിനെക്കാള്‍ പ്രസരിപ്പും ഉന്മേഷവും വീണ്ടെടുത്തിരുന്നു.
അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുമായി സംസാരിച്ചപ്പോൾ ഉമ്മൻ ചാണ്ടിക്ക് വിശ്രമം വേണമെന്നാണ് നിർദേശിച്ചത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നിഘണ്ടുവില്‍ വിശ്രമമെന്നൊരു പദമില്ലെന്ന് നമുക്കറിയാം.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും അത് എളുപ്പം നികത്താനാവുകയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.