സീമ മോഹന്‍ലാല്‍
കൊച്ചി: കഴിഞ്ഞ പത്തൊന്‍പത് വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ അപരനായി മിമിക്രിവേദികളില്‍ തിളങ്ങിയ രഘു കളമശേരി പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ കോട്ടയത്ത് കാത്തുനിൽക്കുകയാണ്.
കാണുമ്പോഴെല്ലാം തന്നെ ചേര്‍ത്തുപിടിച്ച് അനുകരണം നന്നായിട്ടുണ്ടെന്ന് സ്നേഹപൂര്‍വം പറയാറുള്ള പ്രിയനേതാവിനെക്കുറിച്ചു പറയുമ്പോള്‍ അദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു.
പ്രൊഡ്യൂസര്‍ ഡയാനാ സില്‍വസ്റ്റര്‍ നിര്‍മിച്ച ജനകീയ ഹാസ്യപരിപാടിയായ സിനിമാലയിലൂടെയായിരുന്നു രഘു കളമശേരി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ അനുകരിച്ചു തുടങ്ങിയത്.
2004 ഓഗസ്റ്റ് 31 ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ എ.കെ. ആന്റണിയുടെ ഡ്യൂപ്പ് ചെയ്തുകൊണ്ടിരുന്ന രാജീവ് കളമശേരിയാണ് രഘുവിനോട് ഉമ്മന്‍ചാണ്ടിയുടെ ഡ്യൂപ്പ് ചെയ്തു നോക്കാന്‍ പറഞ്ഞത്.
ചെറിയൊരു ശ്രമം എന്ന രീതിയില്‍ ചെയ്ത ആ അനുകരണം പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ആളുകള്‍ക്കിടയില്‍ തന്നെ തിരിച്ചറിയാനുള്ള എന്‍ട്രി അതിലൂടെ ലഭിച്ചുവെന്ന് രഘു കളമശേരി പറയുന്നു.
2006ല്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായപ്പോഴും 2011 ല്‍ രണ്ടാമതും മുഖ്യമന്ത്രിയായപ്പോഴും രഘു വീണ്ടും തിളങ്ങി. മൂന്നു തവണ ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ അദ്ദേഹത്തെ അനുകരിക്കാനുള്ള അവസരവും രഘുവിന് ലഭിച്ചു.
“ആദ്യമായി അദ്ദേഹത്തെ കാണുന്നത് അങ്കമാലിയില്‍ ഒരു കോളജിന്റെ പ്രോഗ്രാമില്‍ വച്ചാണ്. ഞാന്‍ മേക്കപ്പ് ഇട്ടുകൊണ്ടിരുന്നപ്പോള്‍ പതിയെ വന്ന് നോക്കി തിരികെപ്പോയി.
രണ്ടാമത് കളമശേരിയിലെ ഒരു പ്രോഗ്രാമില്‍ വച്ച് ഞാന്‍ അദേഹത്തിനു മുന്നില്‍ വച്ച് അനുകരിച്ചു. ചിരിച്ചുകൊണ്ടാണ് അദേഹം അന്ന് അത് നോക്കിയിരുന്നത്. പരിപാടി കഴിഞ്ഞപ്പോള്‍ അദേഹത്തിന്റെ കഴുത്തില്‍ ഇട്ടിരുന്ന ഷാള്‍ എന്നെ അണിയിച്ചു.’ രഘു കളമശേരി പറഞ്ഞു.
“എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ആളാണ് അദേഹം. എന്നെ മറ്റുള്ളവര്‍ തിരിച്ചറിയാനും എനിക്ക് വരുമാനം കിട്ടാനുമൊക്കെ കഴിഞ്ഞത് അദ്ദേഹത്തെ അനുകരിച്ചതിലൂടെയാണ്.
എന്നെ ഞാനാക്കിയ ജനപ്രിയ നേതാവ് ഇനിയില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല – രഘു ഇടറുന്ന വാക്കുകളോടെ പറഞ്ഞുനിര്‍ത്തി.