കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എംസി റോഡു വഴി ഇന്നു വൈകിട്ട് അഞ്ചിന് ജില്ലാ അതിര്‍ത്തായ ളായിക്കാട്ട് എത്തുന്ന രീതിയിലാണ് വിലാപയാത്രയുടെ ക്രമീകരണം.
രാവിലെ തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്രയ്ക്കു വഴിയിലുടനീളം ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കുന്നത്. നിശ്ചയിച്ച് സമത്തേക്കാളും വൈകിയായിരിക്കും വിലാപയാത്ര കോട്ടയത്ത് എത്തുക.
വിലാപയാത്ര കോട്ടയത്ത് എത്തുമ്പോള്‍ ഡിസിസി നേതാക്കള്‍ ഭൗതികശരീരം ഏറ്റുവാങ്ങും. ഡിസിസി ഓഫീസിനു മുമ്പിലെ പ്രത്യേക പന്തലില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനു പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തുടര്‍ന്നാണ് വിലാപയാത്ര തിരുനക്കര മൈതാനത്തേക്ക് നീങ്ങുക. തിരുനക്കര മൈതാനത്ത് എത്തുന്ന എല്ലാവര്ക്കും അന്തിമോപചാരം അര്‍പ്പിക്കുന്ന രീതിയിലാണ് ക്രമീകരണം. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഇവിടെ അന്തിമോപചാരം അര്‍പ്പിക്കും.
കാസര്‍കോഡ് മുതലുള്ള ആളുകള്‍ ജനനായകന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്. മൈതാനം നിറഞ്ഞുള്ള വലിയ പന്തലാണ് ക്രമീകരിച്ചിരിക്കുന്നത്.
ആളുകള്‍ക്കു നിരനിരയായി എത്തി അന്തിമോപചാരം അര്‍പ്പിക്കാനായി പ്രത്യേക ബാരിക്കേഡ് സംവിധാനവും പോലീസ് ഒരുക്കിയിട്ടുണ്ട്.
തിരുനക്കരയിലെ പൊതുദര്‍ശനത്തിനു ശേഷം രാത്രിതന്നെ മൃതദേഹം കഞ്ഞിക്കുഴി, മാങ്ങാനം, മന്ദിരം കവല വഴി കുടുംബവീടായ പുതുപ്പള്ളി വള്ളിക്കാലില്‍ എത്തിക്കും. തുടര്ന്നുപുതിയതായി പണിയുന്ന വീട്ടിലും പൊതുദര്‍ശനത്തിനു വയ്ക്കും.
നാളെ ഉച്ചകഴിഞ്ഞ് ഒന്നിന് പുതുപ്പള്ളി പള്ളിയിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ജനത്തിരക്കും പ്രതികൂല കാലാവസ്ഥയും മൂലം നിശ്ചയിച്ച സമയത്തേക്കാള്‍ വൈകാനാണ് സാധ്യതയെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രാഷ്ട്രദീപികയോടു പറഞ്ഞു.