തിരുവനന്തപുരം: പുതുപ്പള്ളി മണ്ഡലത്തെ ഉമ്മൻ ചാണ്ടി നിയമസഭയിൽ പ്രതിനിധീകരിച്ചത് 19,077 ദിവസം. 53 വർഷം നിയമസഭാംഗമായിരുന്നതിന്റെ കേരള നിയമസഭയിലെ റിക്കാർഡ് ഉമ്മൻ ചാണ്ടിക്കാണ്.പുതുപ്പള്ളി എന്ന ഒരേ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.
2022 ഓഗസ്റ്റ് ഒന്നിനാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന കെ.എം. മാണിയുടെ റിക്കാർഡ് ഉമ്മൻ ചാണ്ടി മറികടന്നത്. കെ.എം. മാണി 18,728 ദിവസമായിരുന്നു പാലാ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. 52 വർഷവും ഒരു മാസവുമായിരുന്നു കെ.എം. മാണി പാലായുടെ പ്രതിനിധിയായിരുന്നത്.
1970ൽ നാലാം കേരള നിയമസഭയിലാണ് ഉമ്മൻ ചാണ്ടി ആദ്യമായി അംഗമായത്. യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ ഇടതു സ്ഥാനാർഥിയായ ഇ.എം. ജോർജിനെയാണു പരാജയപ്പെടുത്തിയത്.
പിന്നീടിങ്ങോട്ട് ഒരിക്കലും പരാജയത്തിന്റെ കയ്പു നീരറിയാതെ 12 നിയമസഭകളെ പ്രതിനിധീകരിച്ചു. ഇതിനിടയിൽ മന്ത്രിയും മുഖ്യമന്ത്രിയുമായി.
രണ്ടു തവണയാണു മുഖ്യമന്ത്രിയായത്. 2004 മുതൽ 2006 വരെയും 2011 മുതൽ 2016 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായി. 2459 ദിവസമാണ് ഉമ്മൻ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരുന്നത്.