കോട്ടയം: പുതുപ്പള്ളിക്കാര്ക്ക് ഉമ്മന് ചാണ്ടിയില്ലാതെ ആദ്യ ഞായറാഴ്ചയായിരുന്നു ഇന്നലെ. പരാതികളും പരിഭവങ്ങളും നിവേദനങ്ങളുമായി കരോട്ടുവള്ളക്കാലില് വീട്ടിലെത്തിയിരുന്ന ആളുകള് ഇന്നലെ പുതുപ്പള്ളി പള്ളിയിലെ ഉമ്മന്ചാണ്ടിയുടെ കബറിടത്തിങ്കലെത്തി തങ്ങളുടെ നേതാവിനായി പ്രാര്ഥിച്ചു മടങ്ങി.
ഞായറാഴ്ച ജനസമ്പര്ക്കം നടന്നു വന്നിരുന്ന കരോട്ടുവള്ളക്കാലില് വീട്ടിലും അനുയായികളും ആരാധകരുമെത്തിയിരുന്നു. തറവാട്ടുവീട്ടിലെ തെക്കുഭാഗത്തുള്ള മുറിയുടെ ജനല് തുറന്നുതന്നെയാണിട്ടിരിക്കുന്നത്.
പരാതി പരിഹാര സെല് എന്നു പറയുന്ന ഈ മുറിയുടെ ജനലിനോടു ചേര്ന്ന് കസേരയിട്ടാണ് ഉമ്മന് ചാണ്ടി ജനങ്ങളുടെ പരാതി കേട്ടിരുന്നത്. വീട്ടുമുറ്റത്തെത്തിയ പലരും ജനാലയ്ക്കരികില്നിന്ന് അകത്തേക്ക് നോക്കി വിതുമ്പുന്നതു കാണാമായിരുന്നു.
ലോകത്തെവിടെയാണെങ്കിലും ഉമ്മന് ചാണ്ടി ഞായറാഴ്ച പുതുപ്പള്ളിയിലുണ്ടാകുമായിരുന്നു. ശനിയാഴ്ച രാത്രി തറവാട്ടുവീട്ടിലെത്തി ഭക്ഷണം കഴിച്ച് ഉറങ്ങാന് നാട്ടകം ഗസ്റ്റ് ഹൗസിലേക്കു പോകും. ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലെ വിശുദ്ധ കുര്ബാനയില് പങ്കെടുത്ത ശേഷം വീണ്ടും തറവാട്ടുവീട്ടില്.
അപ്പോഴേക്കും വീട്ടുമുറ്റം പൂരപ്പറമ്പിനു സമാനമായി നിറഞ്ഞുകഴിഞ്ഞിരിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ളവരാണ് കൂടുതലും. പിന്നെ പാതിരാത്രി വരെ നീളുന്ന ജനസമ്പര്ക്കം. കാലങ്ങളായി ഇതാണ് ഉമ്മന് ചാണ്ടിയുടെ പതിവും പുതുപ്പള്ളിയുടെ ഞായറാഴ്ചയും ഇങ്ങനെയായിരുന്നു.
കോവിഡ് കാലത്ത് നാലുമാസവും അസുഖ ബാധിതനായി ചികിത്സക്കു പോയ എട്ടുമാസവും മാത്രമാണ് ഈ പതിവ് തെറ്റിയത്. കഴിഞ്ഞ വര്ഷം നവംബര് രണ്ടിനാണ് അദ്ദേഹം അവസാനമായി പുതുപ്പള്ളിയിലെത്തിയത്.
തറവാടുവീടായ കരോട്ടുവള്ളക്കാലില് വീടിന്റെ പൂമുഖത്ത് ഉമ്മന് ചാണ്ടിയുടെ സ്മരണയില് ആ കട്ടിലും കെടാവിളക്കും ആചാരപ്രകാരം 40 ദിവസം മാറ്റാതെ സൂക്ഷിക്കുകയാണ്. മരണാനന്തരച്ചടങ്ങുകള് പൂര്ത്തിയാക്കുന്നതു വരെയാണ് സൂക്ഷിക്കുക.
ഉമ്മന് ചാണ്ടിയുടെ സഹോദരനാണ് ഇവിടെ താമസിക്കുന്നത്. ഓര്ത്തഡോക്സ് സഭാചാരപ്രകാരം കട്ടിലിനുസമീപം അലങ്കാരമുള്ള ലോഹക്കുരിശും തടിക്കുരിശും എത്തിച്ചിട്ടുണ്ട്.
ഉമ്മന് ചാണ്ടിയുടെ അനുയായികളും ആരാധകരും ഇന്നലെയും വീട്ടിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തിനുമുന്നില് തൊഴുതുമടങ്ങി.
വാതില് പകല് അടയ്ക്കാറില്ല. ചുമരില് ഉമ്മന് ചാണ്ടിയുടെ മാതാപിതാക്കളുടെ ചിത്രങ്ങളും വെച്ചിട്ടുണ്ട്. ഉമ്മന് ചാണ്ടി ഞായറാഴ്ച ജനങ്ങളെ കണ്ടിരുന്ന മുറിയുടെ ജനാലയും പകല് അടയ്ക്കില്ല. വീടിന് തൊട്ടടുത്ത് ഡിസിസി സ്ഥാപിച്ച കൂറ്റന് ആദരബോര്ഡ് കൈയുയര്ത്തി വരുന്നവരെ സ്വീകരിച്ച് ഉമ്മന് ചാണ്ടി ഇപ്പോഴുമുണ്ട്.
കല്ലറയില് ഇന്നലെയും ജനപ്രവാഹം
പുതുപ്പള്ളി സെന്റ് ജോര്ജ് ഓര്ത്തഡോക്സ് വലിയ പള്ളിയിലെ കല്ലറയില് അന്ത്യവിശ്രമം കൊള്ളുമ്പോഴും നൂറുകണക്കിനാളുകളാണ് കബറിടത്തിങ്കലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
പ്രശ്നങ്ങളും ആവലാതികളുമൊന്നും പറയാനല്ല. തങ്ങളുടെ പ്രിയപ്പെട്ട ജനനേതാവിനായി നിറകണ്ണുകളോടെ പ്രാര്ഥിച്ചും പുഷ്പങ്ങള് അര്പ്പിച്ചും മെഴുകുതിരി കത്തിച്ചും ഓര്മകള് അയവിറക്കി കബറിടത്തിങ്കല് ഏറെ നേരം ചെലവഴിച്ചാണ് എല്ലാവരും മടങ്ങുന്നത്.
പുതുപ്പള്ളി പള്ളിയില് ഇന്നലെ ഞായറാഴ്ച കുര്ബാനയ്ക്കെത്തിയവര്ക്കും തങ്ങളുടെപ്രിയപ്പെട്ട നേതാവിനെക്കുച്ചുള്ള നല്ല വാക്കുകള് പറയാനായിരുന്നു നേരം. ഇന്നലെ പള്ളിയിലെ വിശുദ്ധ കുര്ബാനക്കുശേഷം കബറിടത്തില് ധൂപ പ്രാര്ഥന നടന്നു.
ഉമ്മന് ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്, മക്കളായ ചാണ്ടി, മറിയം, അച്ചു എന്നിവരും കുടുംബാംഗങ്ങളെല്ലാവരും പ്രാര്ഥനയ്ക്ക് എത്തിയിരുന്നു.
മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, എന്.കെ. പ്രേമചന്ദ്രന് എംപി, ഹൈബി ഈഡന് എംപി എന്നിവരും കുടുംബസമേതം പള്ളിയിലെത്തി. മന്ത്രി ജി.ആര്. അനില്, കേന്ദ്രമന്ത്രി വി. മുരളീധരന് എന്നിവരും എത്തിയിരുന്നു.