ജോമി കുര്യാക്കോസ്
പുതുപ്പള്ളി: പുതുപ്പള്ളിയുടെ മടിത്തട്ടിലേക്ക് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ആൾക്കടലിലൂടെ വരികയാണ്. ഇനി ഒരു വരവ് കൂടി ഉണ്ടാകില്ല.
ഉമ്മന്‍ചാണ്ടി ചേര്‍ത്തുപിടിച്ചവരും ആ വലിയ നേതാവിനോടു തോള്ചേര്ന്നുനിന്നവരുമെല്ലാം പുതുപ്പള്ളി കരോട്ടുവള്ളക്കാലിലെ വീട്ടുമുറ്റത്തു നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഒത്തുകൂടിയിരിക്കുന്നു.
ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യത്തില്‍ വീടും മുറ്റവും അവിടേക്കുള്ള വഴിയും ആള്‍ക്കൂട്ടമായി മാറുന്നത് ഇതാദ്യമാകും. തന്നെ കാണാനെത്തിയ ഒരാളെയും നിരാശരാക്കാതെ മടക്കിവിട്ടിരുന്ന ഉമ്മന്‍ചാണ്ടി ഒടുവിൽ എല്ലാവരുടെയും കണ്ണു നനയിച്ച് മടങ്ങുന്നു.
മുന്‍നിശ്ചയിച്ചതിലും മണിക്കൂറുകള്‍ വൈകിയാണ് ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര പുതുപ്പള്ളി വീട്ടിലേക്കെത്തുന്നത്.
നിരവധി തവണ ഔദ്യോഗികവാഹനങ്ങളിലും സ്വകാര്യവാഹനങ്ങളിലും കടന്നുപോയ വഴികളില്‍ കൈകള്‍ ഉയര്‍ത്തി അഭിവാദ്യം ചെയ്തു ജനങ്ങള്‍ നിറമിഴികളോടെ ഒരുനോക്കുകാണാന്‍ കാത്തുനില്ക്കുകയായിരുന്നു.
തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ജനങ്ങളുടെ പരാതികളും ആവലാതികളും കണ്ടും കേട്ടും പരിഹാരം കണ്ടെത്തിയിരുന്ന പുതുപ്പള്ളി കരോട്ടുവള്ളക്കാലില്‍ വീട്ടിൽ ഒരു മണിക്കൂര്‍ മാത്രമേ ഭൗതികശരീരം വയ്ക്കൂ.
അവിടെനിന്നു പുതുപ്പള്ളി കവലയില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിലേക്ക്. അവിടെയാണ് തുടര്‍ന്നുള്ള പൊതുദര്‍ശനം.
ഇന്ന് ഉച്ചയ്ക്ക് 12നു സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വൈകുമെന്നുറപ്പാണ്.
കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലാണു വീട്ടിലെ ശുശ്രൂഷകള്‍.
ഇതരക്രൈസ്തവ സഭകളിലെ മെത്രാപ്പോലീത്താമാരും ബിഷപ്പുമാരും സഹകാര്‍മികത്വം വഹിക്കും. ഒരു മണിക്കു പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിക്കുമെന്നാണ് അറിയിപ്പ്.
പുതുപ്പള്ളി കവല, അങ്ങാടി വഴി പള്ളിമുറ്റത്തേക്കു പ്രവേശിക്കും. പള്ളിയുടെ വടക്കുവശത്തു പ്രത്യേകം തയാറാക്കിയിരിക്കുന്ന പന്തലില്‍ രണ്ടു മുതല്‍ 3.30 വരെ പൊതുദര്‍ശനം.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്, ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള, സ്പീക്കർ എ.എൻ. ഷംസീർ, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത തുടങ്ങിയവര്‍ പള്ളിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും.
3.30നു സമാപനശുശ്രൂഷകള്‍ പുതുപ്പള്ളി പള്ളിയില്‍ ആരംഭിക്കുമെന്നാണു പ്രതീക്ഷ. മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. സഭയിലെ 24 മെത്രാപ്പോലീത്താമാരും സഹകാര്‍മികത്വം വഹിക്കും.
പുതുപ്പള്ളി പള്ളി വികാരി ഫാ. വര്‍ഗീസ് വര്‍ഗീസ് നേതൃത്വം നല്‍കും. 4.30നു അനുശോചനയോഗം. എല്ലാ ശുശ്രൂഷകളും ഒരുമണിക്കൂറിലധികം വൈകുമെന്നുറപ്പാണ്.
പള്ളിയുടെ കിഴക്കുവടക്കായി വൈദികരുടെ കബറിടത്തിനുസമീപം പുതിയ കല്ലറയിലാണ് ആൾക്കൂട്ടത്തെ തനിച്ചാക്കി ഉമ്മന്‍ചാണ്ടിയെന്ന ജനനായകന്റെ അന്ത്യവിശ്രമം.