തിരുവനന്തപുരം: പാറശാലയിൽ ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച സ്തൂപം അക്രമികൾ അടിച്ചുതകർത്തു.
പൊൻവിള മേഖലയിൽ സ്ഥാപിച്ചിരുന്ന സ്തൂപമാണ് തകർക്കപ്പെട്ടത്. ചൊവ്വാഴ്ചയാണ് ഈ സ്തൂപം പൊതുജനങ്ങൾക്കായി സമർപ്പിക്കപ്പെട്ടത്.
ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് ആരോപിച്ച് രംഗത്തെത്തിയ കോൺഗ്രസ് പ്രദേശത്ത് പ്രതിഷേധപരിപാടി സംഘടിപ്പിച്ചു.
മരിച്ചശേഷവും ആക്രമിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പാറശാല പൊൻവിളയിലെ സ്മാരകം തകർത്ത സംഭവത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയുടെ നേർക്ക് ചിലർ കല്ലെറിഞ്ഞു. ഇപ്പോൾ മരിച്ച ശേഷവും അദ്ദേഹത്തെ ആക്രമിക്കുന്നു.
ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും ഭയക്കുന്ന ഒരുകൂട്ടർ ഇന്നും ഇവിടെയുണ്ടെന്ന് ഈ സംഭവം തെളിയിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഉമ്മൻ ചാണ്ടിയുടെ കരുത്തുറ്റ ഓർമകൾ ഉയരുന്ന ഓരോ ഇടങ്ങളും ചിലരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് . അടിമുടി തകർന്ന് തരിപ്പണമായ ഒരു ക്രമസമാധാന നിലയാണ് കേരളത്തിലുള്ളത്.
മുഖ്യമന്ത്രിയുടെ മൂക്കിൻത്തുമ്പത്താണ് അക്രമം നടന്നിരിക്കുന്നത്. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ട്.
ക്രിമിനൽ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുടെ സ്തൂപമാണ് അടിച്ചുതകർത്തിരിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യരുടെ വികാരത്തിന് നേർക്കാണ് അവർ ആയുധം വീശിയതെന്നും കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
പാറശാലയ്ക്കു സമീപം പൊൻവിളയിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ഉമ്മൻ ചാണ്ടിക്കു സ്മാരകം പണിഞ്ഞത്. ഇന്നലെ രാത്രിയോടെയാണ് സ്മാരകം അടിച്ചു തകർത്തത്. ഇതിനെത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.