ജെവിന്‍ കോട്ടൂര്‍
കോട്ടയം: തിരുവനന്തപുരത്തുനിന്നു ഹൃദയമുരുകി നീങ്ങിയ വിലാപയാത്രയ്ക്ക് വേഗം ഒട്ടുമില്ലായിരുന്നു. ഒരു പകലും രാത്രിയും നീണ്ട കാത്തിരിപ്പിനുശേഷം ഒടുവിൽ കോട്ടയം തീര്‍ത്ത ജനസാഗരത്തിലേക്ക് യാത്ര എത്തി.
ആൾക്കൂട്ടം ലഹരിയായി ജീവിച്ച കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് 27 മണിക്കൂർ പിന്നിട്ടാണ് ഇന്നു രാവിലെ അദ്ദേഹത്തിന്റെ തട്ടകമായ കോട്ടയം ജില്ലയിൽ പ്രവേശിച്ചത്.
സംസ്ഥാനത്തിന്റെ വിവിധിയിടങ്ങളിൽനിന്ന് പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്കുകാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ഇന്നലെ മുതൽ കോട്ടയത്തേക്ക് എത്തിക്കൊണ്ടിരുന്നത്.
ഇന്നലെ രാവിലെ ഏഴിനാണ് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് വിലാപയാത്ര ആരംഭിച്ചത്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെ എംസി റോഡിനിരുവശവും പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുഞ്ഞിനെ അവസാനമായി ഒരു നോക്കു കാണാനായി കൈകൂപ്പി കാത്തുനിന്നത്.
സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും പാര്‍ട്ടി പ്രവര്‍ത്തകരും സമുദായനേതാക്കളും തുടങ്ങി ആബാലവൃദ്ധം ജനങ്ങളാണു പല സ്ഥലങ്ങളിലും മണിക്കൂറുകളോളം കാത്തുനിന്നു തങ്ങളുടെ പ്രിയ നേതാവിന് അന്ത്യയാത്ര നേര്‍ന്നത്.
ഉമ്മന്‍ചാണ്ടിയുടെ ചിത്രം നെഞ്ചോടു ചേര്‍ത്തും മുദ്രാവാക്യം വിളിച്ചും പ്രാര്‍ഥിച്ചും വിളക്കുതെളിച്ചും തങ്ങളുടെ ആശ്രയമായിരുന്ന നേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു ജനക്കൂട്ടം.
പല സമയത്തും വിലാപയാത്രാവാഹനം മുന്നോട്ടെടുക്കാൻ പോലും കഴിയുമായിരുന്നില്ല.ഇടയ്ക്കിടെ പെയ്യുന്ന മഴ പോലും വകവയ്ക്കാതെ പൂക്കള്‍ അര്‍പ്പിച്ചും കൈകള്‍ കൂപ്പിയും പാതയോരങ്ങളില്‍ പതിനായിരങ്ങള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
മുന്‍കൂട്ടി നിശ്ചിയിച്ച പ്രകാരം ഇന്നലെ വൈകിട്ട് ആറിനു തിരുനക്കരയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം എത്തിച്ചു പൊതുദര്‍ശനത്തിനു വയ്ക്കേണ്ടതായിരുന്നു.
എന്നാൽ, അതിനു കഴിഞ്ഞില്ല, കഴിയുമായിരുന്നില്ല. ഇതിനുമുന്‍പ് കേരളത്തിലൊരു നേതാവിനും ലഭിക്കാത്ത ആദരവാണ് സാധാരണക്കാരുടെമഹാത്മാവിനു ലഭിച്ചത്.
വിലാപയാത്ര എത്താൻ വൈകുന്തോറും ആൾക്കൂട്ടം വർധിക്കുന്ന കാഴ്ചയും കോട്ടയം കണ്ടു.ഒടുവിൽ, രാവിലെ ഉമ്മന്‍ചാണ്ടി തിരുനക്കര മൈതാനിയിലേക്കു നിശ്ചലനായി എത്തിയപ്പോൾ അക്ഷരാർഥത്തിൽ കോട്ടയം കണ്ണീർക്കടലായി മാറി. മണിക്കൂറുകള്‍ കാത്തുനിന്നവര്‍ കുഞ്ഞൂഞ്ഞിനു അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു മടങ്ങി.
അതിവേഗം ബഹുദൂരം ഓടിയെത്തി പ്രസംഗിച്ചു മടങ്ങിയ തിരുനക്കര മൈതാനത്തോടും വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ ജീവിതകാലം മുഴുവന്‍ ഓടി നടന്ന കോട്ടയം നഗരത്തോടും മൗനയാത്ര പറഞ്ഞ് ഉമ്മന്‍ ചാണ്ടി ഒടുവില്‍ അന്ത്യവിശ്രമത്തിനായി പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്ക്.