തിരുവനന്തപുരം: ജനനായകൻ ജനഹൃദയങ്ങളിലേക്ക്… ഉമ്മൻ ചാണ്ടിയെന്ന ഏക്കാലത്തെയും പ്രിയ നേതാവിന് കേരളം നിറമിഴികളോടെ വിടയേകുന്നു.
തന്റെ കര്‍മ മണ്ഡലമായിരുന്ന തിരുവനന്തപുരത്ത് നിന്നും ഹൃദയം ചേര്‍ന്നിരിക്കുന്ന പുതുപ്പള്ളിയിലേക്കുള്ള അദ്ദേഹത്തിന്റെ അന്ത്യയാത്ര ആരംഭിച്ചിരിക്കുകയാണ്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ 7.20ന് തലസ്ഥാനത്തു നിന്നും ആരംഭിച്ചെങ്കിലും രണ്ടു മണിക്കൂറിനിപ്പുറവും കേശവദാസപുരം കടന്നിട്ടില്ല.
വഴിനീളേ ആയിരക്കണക്കിനാളുകള്‍ പൂക്കളും കണ്ണീരുമായി തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ കാത്തുനില്ക്കുന്നതിനാലാണത്. അവരുടെ സ്നേഹം മറികടന്ന് “അതിവേഗം ബഹുദൂരം’ സഞ്ചരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലല്ലൊ.
അന്ത്യജ്ഞലി അര്‍പ്പിക്കാന്‍ എത്തിയവരില്‍ വിദ്യാര്‍ഥികളും ശാരീരിക ക്ഷമതയില്ലാത്തവരും നിരാലംബരുമൊക്കെയുണ്ട്. വഴിയില്‍ കാത്തുനില്ക്കുന്ന മിക്കവര്‍ക്കും അദ്ദേഹം തങ്ങള്‍ക്ക് ചെയ്ത ഉപകാരത്തിന്റെ നൂറുകഥകള്‍ പറയാനുണ്ട്. പലര്‍ക്കും അതിദുഃഖത്താല്‍ അത് പൂര്‍ത്തീകരിക്കാന്‍ കഴിയുന്നുമില്ല.
ഇനിയും നഗരം കടക്കാത്ത വിലാപ യാത്ര എപ്പോള്‍ കോട്ടയം തിരുനക്കരയില്‍ എത്തുമെന്ന് ആര്‍ക്കും പിടിത്തമില്ല. കാരണം തിരുവനന്തപുരത്തിനൊ കോട്ടയത്തിനൊ മാത്രം പ്രിയപ്പെട്ടവനല്ല ഉമ്മന്‍ ചാണ്ടി എന്ന നേതാവ്. പുതുപ്പള്ളിക്കാര്‍ തങ്ങളുടെ കുഞ്ഞൂഞ്ഞ് എന്ന് പറയുമ്പോഴും അദ്ദേഹം കേരളത്തിന്റെ ആകെ സ്വന്തം ജനനായകനായിരുന്നു.
വിലാപയാത്ര ഇനിയും കടക്കാനുള്ള കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എല്ലായിടങ്ങളിലും ആയിരമായിരം കണ്ണുകള്‍ അദ്ദേഹത്തിനായി ഹൃദയംവിങ്ങി കാത്തിരിക്കുമ്പോള്‍ ആ യാത്ര ലക്ഷ്യ സ്ഥാനത്ത് എപ്പോള്‍ എത്തുമെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക.
വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി വഴി വിലാപയാത്ര കോട്ടയത്തെത്തുമ്പോള്‍ എല്ലാവര്ക്കും പറയാനുള്ളത് അദ്ദേഹം ജന മനസുകളില്‍ ഇനിയും ജീവിക്കുമെന്ന ആശ്വാസ വാക്കാണ്.
നിയമസഭാ സമാജികനായും, മന്ത്രിയായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും അഞ്ച് പതിറ്റാണ്ട് കേരളക്കരയിലുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച പുലർച്ചെ 4.25നാണ് ഈ ലോകത്തോട് വിടപറഞ്ഞത്.
തുടര്‍ന്ന് ബംഗളുരുവില്‍ നിന്നും ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വിലാപയാത്രയായി ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിച്ചിരുന്നു.
എ.കെ. ആന്‍ണി, വി.എം. സുധീരന് അടക്കമുള്ള നിരവധി സഹപ്രവര്‍ത്തകരും സാധാണക്കാരും ഏറെ വൈകാരികമായാണ് അവിടെ കാണപ്പെട്ടത്. ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ ആര് ബിന്ദു, റോഷി അഗസ്റ്റിന്, ആന്റണി രാജു എന്നിവര്‍ ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
ബുധനാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ മൃതശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടത്.
എത്രയെത്ര തവണ മുഴങ്ങികേട്ട ആ ശബ്ദം ഇപ്പോള്‍ തിരുവനന്തപുരം എന്ന നഗരത്തിനും ജനഹൃദയങ്ങള്ക്കും ഏറെയേറെ ഓര്‍മകളും നോവും സമ്മാനിക്കുന്നു.അദ്ദേഹം വരികയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്ക്…