തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ട് കടന്നുപോയ വിലാപയാത്രയ്ക്കും ചുറ്റും വികാരനിർഭരമായ രംഗങ്ങൾ. താങ്ങാനാവാത്ത ദുഃഖം തുളുന്പുന്ന മുദ്രാവാക്യങ്ങൾ പാതയ്ക്കിരുവശവും കൂടിയ ജനക്കൂട്ടത്തിൽ നിന്നും ഉയർന്നു.
“ആരു പറഞ്ഞു മരിച്ചെന്ന്
ഉമ്മൻ ചാണ്ടി മരിച്ചെന്ന്
ജീവിക്കുന്നു ഞങ്ങളിലൂടെ….’എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ജനം പ്രിയപ്പെട്ട ജനനായകന് അന്ത്യാഞ്ജലി അർപ്പിച്ചു. വിലാപ യാത്ര കടന്നു പോകുന്ന വഴികളിലെല്ലാം “കണ്ണേ കരളേ കുഞ്ഞൂഞ്ഞേ..’ എന്നാർത്തു വിളിച്ച് ജനം തടിച്ചു കൂടി.
ജനനായകന് വിട എന്നെഴുതിയ ഫ്ലക്സുകൾ തലസ്ഥാനത്തെങ്ങും നിറഞ്ഞിരുന്നു. വിവിധ സംഘടനകളും റെസിഡൻസ് അസോസിയേഷനുകളും തയാറാക്കിയ ഫ്ലെക്സുകൾ എങ്ങും കാണാമായിരുന്നു.
ഉമ്മൻചാണ്ടിയുടെ സഹായത്താൽ ജീവിതം കരുപ്പിടിപ്പിച്ചവരും ദുരിതക്കടൽ താണ്ടിയവരും അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണുവാൻ വിലാപയാത്ര കടന്നുപോകുന്ന പാതയ്ക്കിരുവശവും തടിച്ചു കൂടി.
പലരും ഉമ്മൻ ചാണ്ടിയോടൊപ്പമുള്ള തങ്ങളുടെ അനുഭവങ്ങൾ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് വിശദീകരിച്ചു.
ഇന്നലെ രാത്രി മുതൽ പുതുപ്പള്ളി ഹൗസിലേക്ക് ജനപ്രവാഹമായിരുന്നു. ഇന്ന് പുലർച്ചെവരെയും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ തിരക്ക് നീണ്ടു.
രാവിലെ മൃതദേഹം വിലാപയാത്രയായി കൊണ്ടു പോയ വാഹനവ്യൂഹം കടന്നുപോയത് വളരെ സാവധാനമായിരുന്നു. പുതുപ്പള്ളി ഹൗസിൽ നിന്ന് നഗരഹൃദയമായ പട്ടത്തെത്താൻ തന്നെ ഒരു മണിക്കൂറിലേറെ വേണ്ടി വന്നു.
പട്ടം ജംഗ്ഷനിൽ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വിദ്യാർഥികളുടെ ഒരു സംഘം കാത്തു നിന്നിരുന്നു. ഇന്ന് രാവിലെ 7നാണ് എം.സി റോഡ് വഴി കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിച്ചത്.