തിരുവനന്തപുരം: ജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുലർത്തുന്നത് ഭായി-ഭായി നിലപാടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ ധർണ സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാചകവാതക, ഇന്ധനവില വർധനവിലൂടെ പകൽ കൊള്ളയാണ് നടക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചതാണ് ജിഎസ്ടി, എന്നിട്ടും ഇപ്പോൾ ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടു വരുന്നതിനെ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഇതിനോട് യോജിക്കാൻ കഴിയില്ല.
സംസ്ഥാന സർക്കാരിന് ഖജനാവ് നിറയ്ക്കുന്നതിൽ മാത്രമാണ് താത്പര്യം. അതിന്റെ പേരിൽ ജനങ്ങൾക്കുണ്ടാകുന്ന ഭാരിച്ച നഷ്ടത്തിൽ അവർക്ക് യാതൊരു ഉത്കണ്ഠയും ഇല്ലന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാർ കേരളത്തിൽ പ്രവർത്തിക്കുന്ന ബിപിഎൽ കന്പനിയും തുച്ഛ വിലയ്ക്ക് വിൽക്കുവാൻ ശ്രമിയ്ക്കുകയാണ്.
വെള്ളൂരിൽ പ്രവർത്തിക്കുന്ന ന്യൂസ് പ്രന്റ് ഫാക്റിയ്ക്ക് സ്ഥലം നൽകിയത് സംസ്ഥാന സർക്കാരായതിനാൽ ആ സ്ഥാപനം സംസ്ഥാനത്തിന് മടക്കി ലഭിച്ചു.
പക്ഷേ അവിടെ ഫാക്ടറി പ്രവർത്തിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. അവിടുത്തെ തൊഴിലാളികൾക്ക് തൊഴിലും കൂലിയും ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
യുഡിഎഫ് ജില്ലാ ചെയർമാൻ പി.കെ വേണുഗോപാൽ, ശശിതരൂർ എംപി, പി.സി. വിഷ്ണുനാഥ് എംഎൽഎ, ഡിസിസി പ്രസിഡന്റ് പാലോട് രവി, നേതാക്കളായ വി.എസ് ശിവകുമാർ, എൻ. ശക്തൻ, ബീമാപള്ളി റഷീദ്, ടി. ശരത് ചന്ദ്രപ്രസാദ്, വി.എസ് ഹരീന്ദ്രനാഥ്, കൊട്ടാരക്കര പൊന്നച്ചൻ, ഇറവൂർ പ്രസന്നകുമാർ, എം.ആർ മനോജ്, കരുമം സുന്ദരേശൻ തുടങ്ങിയവർ പ്രസംഗിച്ചു.