യുഡിഎഫ് ചെയര്മാന് സ്ഥാനവും കെപിസിസി അധ്യക്ഷ പദവിയും പ്രതിപക്ഷ നേതാവെന്ന സ്ഥാനവും ഒഴിവാക്കി പ്രവര്‍ത്തിച്ചു പോന്നിരുന്ന ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന രാഹുല്‍ ഗാന്ധിയുടെ ചിന്തയില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് പുതിയ ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്.
ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു കളംമാറ്റി ചവിട്ടിയപ്പോള്‍ അവിടെ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മനസ്സില്‍ കാണുകയായിരുന്നു, രാഹുല്‍. പക്ഷേ പൂജ്യത്തില്‍ കിടക്കുന്ന ആന്ധ്ര, കോണ്‍ഗ്രസിനൊരു വെല്ലുവിളിയാണ്. അതേറ്റെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍ അതിനു കോണ്‍ഗ്രസില്‍ ഒരേയൊരു പരിഹാരം രാഹുല്‍ കണ്ടെത്തിയത് ഉമ്മന്‍ചാണ്ടിയിലാണ്.
മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി യുവാക്കള്‍ക്ക് പരിഗണന നല്കുന്ന രാഹുല്‍ ശൈലിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭാവിയ്ക്ക് കോട്ടം തട്ടിയെന്നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയപ്പോള്‍ പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിരുന്നത്. പക്ഷെ രാഷ്ട്രീയ തന്ത്രജ്ഞതയില്‍ കെ കരുണാകരനെ കടത്തിവെട്ടുന്ന കരവിരുത് സ്വന്തമായുള്ള ഉമ്മന്‍ചാണ്ടിയെ വിലയിരുത്താന്‍ രാഹുലിന് കഴിഞ്ഞെന്നതിന് തെളിവാണ് പുതിയ ദൗത്യം.
അതോടെ ഉമ്മന്‍ചാണ്ടിയുടെ മറ്റൊരു ഉയര്‍ത്തെഴുന്നേല്‍പ്പായി ഇത് മാറാനാണ് സാധ്യത. ജനങ്ങളുടെ പള്‍സ് അറിയാവുന്ന നേതാവെന്ന ഖ്യാതിയും ഉമ്മന്‍ചാണ്ടിയ്ക്കുണ്ട്. ഒരുകാലത്ത് ആന്ധ്രപ്രദേശ് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു. പിന്നീട് സ്ഥിതിഗതികള്‍ മാറി. ഇവിടെ കോണ്‍ഗ്രസിന്റെ വേര് വീണ്ടും ഉറപ്പിക്കാനുള്ള ദൗത്യമാണ് ഉമ്മന്‍ചാണ്ടിയ്ക്ക് ലഭിച്ചിരിക്കുന്നത്.
1970 മുതല്‍ കോട്ടയം പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 11 തവണ എം.എല്‍.എയായി വിജയിച്ച ഉമ്മന്‍ചാണ്ടി, രണ്ടു തവണ കേരളാ മുഖ്യമന്ത്രിയായിരുന്നു. ഒരുതവണ പ്രതിപക്ഷ നേതാവും. പുറമേ, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, യു.ഡി.എഫ്. കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.