ജന്മനാ കേള്‍വി ശക്തിയില്ലാത്ത നിയ എന്ന കൊച്ചു പെണ്‍കുട്ടിയുടെ ഹിയറിംഗ് എയ്ഡ്‌സ് അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു, അത് തിരികെ കിട്ടുന്നവര്‍ എത്രയും വേഗം കരുണ തോന്നി തിരിച്ച് തരണമെന്ന് അഭ്യര്‍ത്ഥിച്ച് അച്ഛന്‍ രാജേഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച അറിയിപ്പ് വൈറലായിരുന്നു. എങ്കിലും ബാഗ് തിരിച്ച് കിട്ടിയതായി ഇതുവരെയും അറിയിപ്പ് വന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് വാര്‍ത്ത അറിഞ്ഞ് മുന്‍ മുഖ്യമന്ത്രിയും ആന്ധ്രാപ്രദേശിലെ എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി സഹായവുമായി എത്തിയത്.
നിയ മോളുടെ അച്ഛനെ നേരിട്ട് ഫോണില്‍ വിളിച്ചാണ്, അവള്‍ക്ക് പുതിയ ഹിയറിംഗ് എയ്ഡ്‌സ് നല്‍കാമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചത്. ഒരാഴ്ച കഴിഞ്ഞ് കേരളത്തില്‍ എത്തിയാല്‍ നിയമോളെ വിളിക്കുമെന്നും ആവശ്യമായ സഹായങ്ങള്‍ ചെയ്ത് തരാമെന്നും ഉമ്മന്‍ ചാണ്ടി നിയമോളുടെ അച്ഛന്‍ രാജേഷിനോട് പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലുള്ള ഉമ്മന്‍ ചാണ്ടിയോട് മകന്‍ ചാണ്ടി ഉമ്മനാണ് നിയമോളുടെ സങ്കടകരമായ വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തിയതും നിയമോളുടെ അച്ഛന്റെ മൊബൈല്‍ നമ്പര്‍ നല്‍കിയതും.
തുടര്‍ന്ന് ഉച്ചയോടെയാണ് ഉമ്മന്‍ ചാണ്ടി നിയമോളുടെ അച്ഛനുമായി സംസാരിച്ചത്. നിയമോളുടെ സങ്കടം അച്ഛന്റെ വാക്കിലൂടെ ശ്രദ്ധയോടെ കേട്ട ഉമ്മന്‍ ചാണ്ടി അടുത്ത ആഴ്ച കേരളത്തില്‍ എത്തിയാല്‍ വീണ്ടും വിളിക്കാമെന്നും നിയമോള്‍ക്ക് വേണ്ടത് ചെയ്യാമെന്നും രാജേഷിനോട് പറഞ്ഞു.
ചാലയിലെ അമ്മയുടെ വീട്ടിലാണ് നിയമോള്‍ ഉള്ളത്. ഉമ്മന്‍ ചാണ്ടി ഫോണ്‍ വിളിക്കുമ്പോള്‍ അച്ഛന്‍ രാജേഷ് കണ്ണൂരിലെ തൊഴില്‍ സ്ഥലത്തായിരുന്നു. നിറകണ്ണുകളോടെയാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞ കാര്യങ്ങള്‍ കേട്ടതെന്ന് രാജേഷ് പറഞ്ഞു. കണ്ണൂര്‍ പെരളശേരി സ്വദേശി രാജേഷ് മകളോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകുംവഴിയാണ് ട്രെയിന്‍ യാത്രയ്ക്കിടെ മകളായ ജന്മനാ കേള്‍വിയില്ലാത്ത രണ്ട് വയസ്സുകാരി ഉപയോഗിച്ചിരുന്ന ശ്രവണ ഉപകരണങ്ങള്‍ നഷ്ടമായത്.
രണ്ടാം തിയതി രാവിലെ 9.30ന് ചെന്നൈ- എഗ്മോര്‍ എക്‌സ്പ്രസില്‍ വച്ചായിരുന്നു സംഭവം. നഷ്ടമായ ഉപകരണങ്ങള്‍ തിരികെ കിട്ടിയാല്‍ വിളിച്ചറിയിക്കണമെന്ന് ആവശ്യപ്പെട്ട് രാജേഷിന്റെ മൊബൈല്‍ നമ്പര്‍ 9847746711 സഹിതമുള്ള അപേക്ഷ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റുകള്‍ വൈറലായെങ്കിലും ആ ബാഗ് തിരിച്ചുകിട്ടിയിട്ടില്ല. തിരിച്ചുകിട്ടുമെന്ന് ഇനിയും പ്രതീക്ഷയില്ലെന്നാണ് കുടുംബം പറയുന്നത്. പുതിയത് വാങ്ങാന്‍ നാല് ലക്ഷത്തോളം രൂപ വേണം. ഈ വാര്‍ത്ത അറിഞ്ഞാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജേഷിനെ വിളിച്ചത്.