കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്റർ പ്രതിഷേധം. ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ അന്തകനോ എന്നാണ് പോസ്റ്റർ. കോട്ടയം നഗരത്തിലും ഡിസിസി ഓഫീസിനു മുന്നിലുമാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.
സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവർക്കെതിരെയും പോസ്റ്ററിൽ ആരോപണമുണ്ട്.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ തലപ്പത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തും ചൂതാട്ടകേന്ദ്രവും നടത്തുന്നവരെയെന്നും പോസ്റ്ററിൽ ആരോപിക്കുന്നു.
ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് പോസ്റ്റർ പ്രതിഷേധം. ജില്ലാ ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസിനെ ഡിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിക്കാനുള്ള നീക്കത്തില്‍ ആയിരുന്നു ഉമ്മന്‍ചാണ്ടി.
എ ഗ്രൂപ്പില്‍ നിന്ന് തന്നെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒപ്പമുള്ള കെപിസിസി സെക്രട്ടറി നാട്ടകം സുരേഷിനെ ഡിസിസി അധ്യക്ഷനാക്കാനും നീക്കം നടത്തുന്നുണ്ട്.
കോട്ടയത്ത് ഐ ഗ്രൂപ്പില്‍ നിന്ന് ജോസഫ് വാഴക്കനും, ഫിലിപ്പ് ജോസഫും ഡിസിസി അധ്യക്ഷന്‍ സ്ഥാനത്തിനായി നീക്കം നടത്തിയിരുന്നു. ഗ്രൂപ്പില്‍ ഭിന്നത ഉണ്ടെങ്കിലും എ ഗ്രൂപ്പിന് തന്നെ ഡിസിസി അധ്യക്ഷസ്ഥാനം ലഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്.