മീനടം: ഉമ്മന്‍ ചാണ്ടി അനുസ്മരണം വേറിട്ടതാക്കി മീനടം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. മീനടം കോണ്‍ഗ്രസ് ഭവനില്‍ നടന്ന അനുസ്മരണ സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.
മാര്‍ബിള്‍ കല്ലില്‍ തീര്‍ത്ത ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ചാണ്ടി ഉമ്മന്‍ എംഎല്‍എ അനാഛാദനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. സ്കറിയ അധ്യക്ഷതവഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മദിനം കാരുണ്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍നിന്നു ശേഖരിച്ച അരി നവജീവന്‍ ട്രസ്റ്റിനു കൈമാറി.
കൊടിക്കുന്നില്‍ സുരേഷ് എംപി അരി വിതരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. അഞ്ച് ടണ്‍ അരി നവജീവന്‍ ട്രസ്റ്റി പി.യു. തോമസിനും ഒരു ടണ്‍ അരി വീതം കെ. കരുണാകരന് ചാരിറ്റബിള്‍ സൊസൈറ്റിക്കും അഭയഭവനും നല്കി.
മീനടം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചന് കിഴക്കേടത്ത്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, കെപിസിസി അംഗം കുഞ്ഞ് ഇല്ലംപള്ളി, രഞ്ജിത്ത് പ്ലാത്താനം, അലന് പമ്പൂര്, ജസ്റ്റിന് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.