കോട്ടയം: പുതുപ്പള്ളി സെന്റ് ജോര്ജ് ഓര്ത്തഡോക്സ് വലിയപള്ളിയിലെ ഉമ്മന് ചാണ്ടിയുടെ കല്ലറയിലേക്കു ജനപ്രവാഹം. ഉമ്മന്ചാണ്ടി മരിച്ച് മൂന്നാം ദിനമായ ഇന്നുരാവിലെ പള്ളിയില് പ്രത്യേക വിശുദ്ധ കുര്ബാനയും കബറിങ്കല് ധുപ പ്രാര്ഥനയുമുണ്ടായിരുന്നു.
കുടുംബംഗങ്ങള് പ്രാര്ഥനാ ശുശ്രൂഷയില് പങ്കെടുത്തു. പള്ളിയിലെത്തിയവരും നാട്ടുകാരുമാണ് കബറിടം സന്ദര്ശിക്കുന്നതിനായി എത്തിയത്. പൂക്കള് അര്പ്പിച്ചും മെഴുകുതിരി കത്തിച്ചും ആളുകള് പ്രാര്ഥിക്കുകയാണ്.
ഉമ്മന്ചാണ്ടിയില്നിന്നു സാഹയം ലഭിച്ച ആളുകളാണ് കൂടുതലും എത്തുന്നത്. പലരും വൈകാരികമായിട്ടാണ് കബറിടത്തിൽ നില്ക്കുന്നത്.
വിലാപയാത്രയിലും സംസ്കാര ശുശ്രുഷയിലും പങ്കെടുത്ത പലരും പുതുപ്പള്ളിയിൽനിന്നു മടങ്ങിയിട്ടില്ല. ഇന്നലെ രാത്രിയില് നടന്ന സംസ്കാര ശുശ്രൂഷകള്ക്കു ശേഷവും പുലരുംവരെ കബറിടത്തിലും പള്ളിപരിസരത്തും ആളുകള് കൂട്ടമായി ഉണ്ടായിരുന്നു.
എല്ലാവര്ക്കും നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്
മലയാളക്കര കണ്ട ഏറ്റവും വലിയ യാത്രയയപ്പ് തന്റെ അപ്പയ്ക്കു നല്കിയ കേരള സമൂഹത്തോടു നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്. കോണ്ഗ്രസ് പാര്ട്ടിക്കും നേതാക്കള്ക്കും മുഖ്യമന്ത്രിക്കും ഭരണാധികാരികള്ക്കും ചാണ്ടി ഉമ്മന് നന്ദി പറഞ്ഞു.
ഇന്നലെ രാത്രി സംസ്കാര ശുശ്രൂഷയ്ക്കു ശേഷം നടന്ന മറുപടി പ്രസംഗത്തിലാണ് അന്തിമോപചാരം അര്പ്പിക്കാനായി എത്തിയവര്ക്കും സംസ്കാരചടങ്ങില് പങ്കെടുത്തുവര്ക്കും ചാണ്ടി ഉമ്മന് ഹൃദയത്തിന്റെ ഭാഷയില് വൈകാരികമായി നന്ദി രേഖപ്പെടുത്തിയത്.
അപ്പയുടെ ചികിത്സയിലടക്കം സഹായിച്ചത് കോണ്ഗ്രസ് പാര്ട്ടിയാണ്. എല്ലാറ്റിനും എല്ലാവര്ക്കും നന്ദി, ഈ നാടിനു നന്ദി….. എന്നാണ് ഇടറിയ സ്വരത്തില് ചാണ്ടി ഉമ്മന് പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്ക്കാരിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി. രാഹുല് ഗാന്ധിയുടെയും മുന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ.സി. വേണുഗോപാലിന്റെയും പേരെടുത്തു പറഞ്ഞായിരുന്നു പ്രസംഗം.
മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുന്നതിനും കുടുംബാംഗങ്ങള്ക്കു നാട്ടിലത്താനും എല്ലാ സഹായവും നല്കിയത് കെ.സി. വേണുഗോപാലായിരുന്നു.
“ഞാന് ഉമ്മന്ചാണ്ടിക്ക് പകരക്കാരനല്ല’
താൻ ഉമ്മന്ചാണ്ടിക്ക് പകരക്കാരനല്ലെന്ന് ഉമ്മൻചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്. ഇന്നു രാവിലെ പുതുപ്പള്ളി കരോട്ടുവള്ളക്കാലില് വീട്ടില് മാധ്യമപ്രവര്ത്തകരോടു സംസാരിക്കുകയായിരുന്നു.
കേരള സമൂഹം ഉമ്മന്ചാണ്ടിയോട് ഒരിക്കലും മറക്കാത്ത ആദരവാണു പ്രകടിപ്പിച്ചത്. അപ്പയുടെ ശൂന്യത സൃഷ്ടിച്ച വേദനയില്നിന്നു ഞാനും കുടുംബാംഗങ്ങളും മുക്തമായിട്ടില്ല.
ഉപതെരഞ്ഞെടുപ്പിന്റെ കാര്യമൊന്നു ഇപ്പോള് ചിന്തിക്കുന്നേയില്ലെന്നും അത്തരം ചോദ്യങ്ങള് ഒഴിവാക്കണമെന്നും ചാണ്ടി ഉമ്മന് മാധ്യമങ്ങളോടു പറഞ്ഞു.
പുതുപ്പളളിയിലും കോട്ടയത്തും സ്മാരകം
ജനമനസുകളില് ഒരിക്കലും മായാത്ത ഓര്മ സമ്മാനിച്ചു കടന്നുപോയ മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ സ്മരണ എക്കാലത്തും നിലനിര്ത്തുന്നതിനായി പുതുപ്പള്ളിയിലും കോട്ടയത്തും സ്മാരകം ഉയരും.
തന്റെ രണ്ടാമത്തെ വീടെന്നു വിശേഷിപ്പിച്ച ഡിസിസിയുടെ ആഭിമുഖ്യത്തിലായിരിക്കും സ്മാരകം ഉയരുക. ഉമ്മന്ചാണ്ടിയുടെ പേരില് പുതിയ ജില്ലാ കമ്മിറ്റി ഓഫീസും പൂര്ണകായ പ്രതിമയുമായിരിക്കും സ്ഥാപിക്കുക.
അദ്ദേഹത്തിന്റെ ജന്മനാടായ പുതുപ്പള്ളിയിലും സ്മാരകം നിര്മിക്കാനാണ് സഹപ്രവര്ത്തകരും കേണ്ഗ്രസ് നേതാക്കളും ആഗ്രഹിക്കുന്നത്.
ജനങ്ങളുമായി എപ്പോഴും അടുത്തിടപിഴകിയിരുന്ന ഉമ്മന് ചാണ്ടിയുടെ ജനസമ്പര്ക്കം മായതെ നിലനില്ക്കത്തക്ക രീതിയിലുള്ള സ്മാരകവും ആലോചനയിലുണ്ട്.
കോണ്ഗ്രസിന്റെ ഉന്നത നേതാക്കളും ജില്ലാ കോണ്ഗ്രസ് കമ്മറ്റിയും ഇതു സംബന്ധിച്ചുള്ള ആലോചനകള് ആരംഭിച്ചു കഴിഞ്ഞു.
കോട്ടയത്തും പുതുപ്പള്ളിയിലും അനുശോചന യോഗം
ഉമ്മന്ചാണ്ടിയെ അനുസ്മരിക്കാന് കോട്ടയത്തും പുതുപ്പള്ളിയിലും വിപുലമായ രീതിയില് ജനകീയ പങ്കാളിത്തത്തോടെ അനുശോചന യോഗം ചേരും.
കെപിസിസിയുടെയും ജില്ലാ കോണ്ഗ്രസ് കമ്മറ്റിയുടെയും നേതൃത്വത്തില് അടുത്ത ദിവസമാണ് അനുശോചന യോഗം ചേരുന്നത്.
മന്ത്രിമാര്, പ്രതിപക്ഷ നേതാവ്, എല്ലാ രാഷ്ട്രീയ പാര്ട്ടികളുടെയും സംസ്ഥാന നേതാക്കള്, സമുദായിക നേതാക്കള് എന്നിവര് അനുസ്മരണ യോഗത്തില് പങ്കെടുക്കും.
തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.സി. ജോസഫ് എന്നിവരുടെ നേതൃത്വത്തില് ഇതു സംബന്ധിച്ച ആലോചനകള് ആരംഭിച്ചു. ഉടന്തന്നെ തീയതി പ്രഖ്യാപിക്കും.