മാന്നാർ: മലയാളിയെ ഓണത്തിന് ഊഞ്ഞാലാട്ടാൻ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കച്ചവടക്കാർ നിരത്തുകളിൽ നിരന്നു. പ്ലാസ്റ്റിക്കിലും ചണത്തിലും നിർമ്മിച്ച ഊഞ്ഞാലുകളാണ് വില്പനയ്ക്കായി വഴിയോരങ്ങളിൽ നിരത്തിയിരിക്കുന്നത്. ചണത്തിൽ നിർമിച്ച ഊഞ്ഞാലിന് 250 രൂപയും പ്ലാസ്റ്റിക്കിന് 150 രൂപയുമാണ് വില.
ഊഞ്ഞാൽ കെട്ടാൻ സ്ഥലമില്ലാതെ വിഷമിക്കുന്ന മലയാളിക്ക് വീടിന്റെ സിറ്റൗട്ടിലോ കാർപോർച്ചിലോ ഈ ഊഞ്ഞാൽ കെട്ടി ഓണത്തിൽ പങ്കുചേരാം. മലയാളിക്ക് ഓണാഘോഷത്തിൽ ഒഴിച്ച് കൂടാനാവാത്തതാണ് ഊഞ്ഞാൽ ആട്ടം.ഓണപ്പുടവയും,പൂക്കളവും, ഓണ സദ്യയയും പോലെ തന്നെ പ്രധാന്യമാണ് ഊഞ്ഞാലും.
വീടിന്റെ പരിസരത്ത് വലിയ മരങ്ങളിൽ കയറും മറ്റും ഉപയോഗിച്ച് ഊഞ്ഞാൽ കെട്ടിയിരുന്നത് ഇന്ന് ഗൃഹാതരത്വം ഉണർത്തുന്ന ഓർമ്മകളായി മാറി. വീടിന്റെ പിരിസരങ്ങളിലെ വലിയ മരങ്ങൾ എല്ലാം മുറിച്ചുമാറ്റി അവിടെ വലിയ കോണ്ക്രീറ്റ് കെട്ടിടങ്ങളും മറ്റും ഉയർന്നതോടെ ഊഞ്ഞാൽ തന്നെ ഇല്ലാതായി.
എന്നാൽ മലയാളിയുടെ അഭിരുചി അറിഞ്ഞാണ് പ്രധാന സീസണണുകളിൽ സാധനങ്ങൾ വിൽക്കുവാനായി ഇവിടെ എത്തുന്ന ഇതര സംസ്ഥാനക്കാർ പുതിയ തരം ഊഞ്ഞാലുമായി എത്തിയിരിക്കുന്നത്. കേരളത്തിന്റെ പ്രധാന നിരത്തുകളിൽ എല്ലാം തന്നെ ഊഞ്ഞാൽ വിൽപനക്കാർ ഉണ്ട്. ആന്ധ്രയിൽ നിന്നുള്ളവരാണ് വിൽപനക്കാരിൽ ഏറെയും. പ്ലാസ്റ്റിക്കിലും ചണത്തിലും നിർമിച്ച ഉൗഞ്ഞാലുകളാണ് വിൽപനയ്ക്കായി വഴിയോരങ്ങളിൽ നിരത്തിയിരിക്കുന്നത്. എല്ലായിടങ്ങളിലും നല്ല വില്പനയുണ്ടെന്നും കച്ചവടക്കാർ പറയുന്നു.