ഗാന്ധിനഗർ: ബാങ്കുതട്ടിപ്പുകളും വെട്ടിപ്പുകളും അവസാനിപ്പിക്കാൻ കർക്കശ നടപടികൾക്കു റിസർവ് ബാങ്ക് മടിക്കില്ലെന്നു ഗവർണർ ഉർജിത് പട്ടേൽ. പാലാഴി കടഞ്ഞപ്പോൾ ലഭിച്ച കാളകൂടവിഷം വിഴുങ്ങിയ ശിവനെപ്പോലെ പ്രവർത്തിക്കാൻ റിസർവ് ബാങ്ക് മടിക്കില്ല. രാജ്യനന്മയ്ക്കുവേണ്ടി കുറേ ത്യാഗം സഹിക്കാൻ റിസർവ് ബാങ്ക് തയാറാണ്: പട്ടേൽ പറഞ്ഞു.
ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബ് നാഷണൽ ബാങ്കിലെ 13,000 കോടി രൂപയുടെ തട്ടിപ്പിനെപ്പറ്റി ഇതാദ്യമാണു പട്ടേൽ സംസാരിക്കുന്നത്.
ബാങ്ക് തട്ടിപ്പ് രാജ്യത്തെ കൊള്ളയടിക്കുന്നതിനു തുല്യമാണെന്നു ഡോ. പട്ടേൽ ചൂണ്ടിക്കാട്ടി. ബിസിനസുകാരും ചില ബാങ്കർമാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഫലമാണിത്. ബാങ്ക് സർക്കാരിന്റെയാണോ സ്വകാര്യമേഖലയുടേതാണോ എന്നു നോക്കാതെ നടപടി എടുക്കാൻ റിസർവ് ബാങ്ക് മടിക്കില്ല.
എല്ലാത്തിനും റിസർവ് ബാങ്കിനെ പഴിചാരുന്നതു ശരിയല്ല. 2016-ൽ റിസർവ് ബാങ്ക് പുറത്തിറക്കിയ മൂന്നു സർക്കുലറുകളിലെ നിർദേശങ്ങൾ ബാങ്കുകൾ പാലിച്ചെങ്കിൽ പിഎൻബി തട്ടിപ്പ് സംഭവിക്കില്ലായിരുന്നു. റിസർവ് ബാങ്കിനും മറ്റും തട്ടിപ്പുകൾ തുടക്കത്തിലേ കണ്ടെത്താനാവില്ല. അത് അതാതു ബാങ്കുകളാണു ചെയ്യേണ്ടത്.
അതിനുള്ള മാർഗനിർദേശങ്ങൾ റിസർവ് ബാങ്ക് കൃത്യമായി നല്കിയിട്ടുണ്ടെന്നും ഡോ. പട്ടേൽ പറഞ്ഞു. ബാങ്കുകളിൽ പ്രശ്നകടങ്ങൾ എട്ടര ലക്ഷംകോടി രൂപയിലും അധികമാണെന്നു ഗവർണർ ചൂണ്ടിക്കാട്ടി. ബാങ്കുകൾ ഇപ്പോഴും പ്രശ്നകടങ്ങൾ അങ്ങനെ വേർതിരിച്ചിട്ടില്ല. ഇതു മാറേണ്ടിയിരിക്കുന്നു: അദ്ദേഹം പറഞ്ഞു.