സെബി മാളിയേക്കൽ
തൃശൂർ: കാലവർഷം കനത്തതോടെ നാടെങ്ങും “ഊത്തപിടിത്തം’ കസറുന്നു. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് “ഊത്തയിളക്കം’ എന്നറിയപ്പെടുന്ന മത്സ്യങ്ങളുടെ ദേശാന്തര ഗമനം. ഇത്തവണ കഴിഞ്ഞ വർഷങ്ങളേക്കാളധികമായി മത്സ്യം ലഭിക്കുന്നതായി ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പറയുന്നു.
മുൻവർഷങ്ങളെപ്പോലെ ഇത്തവണയും കേരളത്തിന്റെ തനത് ഇനമായ മഞ്ഞേട്ട (മഞ്ഞക്കൂരി) തന്നെയാണ് കൂടുതൽ ലഭിക്കുന്നത്. ജില്ലയിലെ മുരിയാട് കായൽ, കോന്തിപുലം പാടം, ആനരുള്ളിപ്പാടം, ചെമ്മണ്ടകായൽ, മുനന്പം കെട്ട്, കനോലി കനാൽ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇതു സമൃദ്ധമാണ്.
ചെറിയ മഞ്ഞക്കൂരിക്ക് കിലോയ്ക്ക് 150-200 രൂപവരേ ഉള്ളൂവെങ്കിലും അരക്കിലോവരെ വരുന്ന വലിയ മഞ്ഞേട്ടയ്ക്ക് 300 രൂപവരെ വിലയുണ്ട്. പുഴകളിലെ വെള്ളം കലങ്ങി മറിയുന്പോഴാണ് ഇവ കൂട്ടത്തോടെയെത്തുന്നത്.
മഞ്ഞേട്ട കഴിഞ്ഞാൽ പിന്നെ ന്യൂജനറേഷനിൽപ്പെട്ട കട്ല, റോഹു, പിലോപ്പിയ (പിലാത്തിയ) എന്നിവയും ധാരാളമായി ലഭിക്കുന്നുണ്ട്. അണക്കെട്ടുകളിലെയും ബണ്ടുകളിലെയും വെള്ളം തുറന്നുവിടുന്നതോടെയാണ് ഇത്തരത്തിലുള്ള വലിയ മത്സ്യങ്ങൾ ലഭിക്കുന്നത്. ഏഴും എട്ടും പത്തുംവരെ കിലോ തൂക്കമുള്ള കട്ലയും അഞ്ചും ആറും കിലോ തൂക്കമുള്ള റോഹുവുമെല്ലാം ലഭിച്ചതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.
കൂടാതെ മുണ്ടോത്തി പരല്, കടു, കോലാൻ, കുറുവ, വിവിധതരം പരലുകൾ, പള്ളത്തി, വയന്പ്, കരിമീൻ എന്നിവയും ധാരാളമായി ലഭിക്കുന്നുണ്ട്. അപൂർവമായി നല്ല മഞ്ഞക്കളറുള്ള നാടൻ വാളയും മലിഞ്ഞീനും ലഭിച്ചതായി മീൻപിടിത്തക്കാർ പറഞ്ഞു. മഴ ഒന്നുകൂടി കനത്ത് മലവെള്ളം കയറിത്തുടങ്ങിയാൽ സമൃദ്ധമായി മലിഞ്ഞീൻ ലഭിക്കുമെന്ന് ഇവർ പറയുന്നു.
തൃശൂർ ജില്ലയിൽ “ഏറ്റുമീൻ പിടിത്തം’ എന്നാണ് ഊത്തയിളക്കം അറിയപ്പെടുന്നത്. പാടങ്ങളിലും കൈത്തോടുകളിലുമെല്ലാം വെള്ളം നിറഞ്ഞതോടെ മീൻഭ്രമമുള്ള നാട്ടുകാരും മീൻപിടിക്കാൻ ഇറങ്ങിയിട്ടുണ്ട്.
പകൽ വലയും കോരുവലയും മറ്റും ഉപയോഗിച്ചും രാത്രി കാലങ്ങളിൽ പെട്രോൾ മാക്സിന്റെയും ടോർച്ചിന്റെയും വെളിച്ചത്തിൽ ഒറ്റാൽ ഉപയോഗിച്ചും കൂട് കുരുത്തിവച്ചും ഉടുക്കുവലവച്ചുമെല്ലാം മീൻ പിടിക്കുന്നവർ ധാരാളമാണ്.
ചെറിയ തോടുകളിലൂടെ കുളങ്ങളെ ലക്ഷ്യമാക്കി ഒഴുക്കിനെതിരെ നീന്തിവരുന്ന മീനുകളെ വെട്ടിപ്പിടിക്കുന്നവരും വിരളമല്ല. എന്തായാലും നാടെങ്ങുമുള്ള ജലാശയങ്ങളിൽ ഊത്തപ്പിടിത്തത്തിന്റെ ഉത്സവത്തിമർപ്പാണ്.