വൈക്കം: കരിയാറിന്റെ തീരങ്ങളിലും കെവി കനാലോരത്തും ഉൗത്തപിടിത്തം തകൃതിയായി. കരിയാറിലും കെവി കനാലിലും വെള്ളം നിറഞ്ഞതോടെ വൈക്കം തോട്ടുവക്കത്തെ ഓരുമുട്ട് പൊളിച്ചു നീക്കിയതിനെതുടർന്ന് കരിയാറിൽ നിന്ന് വെള്ളം ഇരച്ചു കയറി നീരൊഴുക്കു ശക്തമായതോടെയാണ് കരിയാറിന്റെ ഓരത്തും കെവികനാലിലും പുഴ മീനുകൾ കൂട്ടമായെത്തിയത്.
ആറ്റുതീരത്തും കെ വി കനാലിന്റെ കരകളിലും ഉൗത്തപിടിക്കാനായി കുട്ടികളും മുതിർന്നവരും വലകളുമായെത്തി. ഇന്നലെ ഉച്ചയ്ക്ക് ഓരുമുട്ട് പൊളിച്ചുതുടങ്ങി നീരൊഴുക്ക് ആരംഭിച്ചപ്പോൾ മുതൽ ആരംഭിച്ച മീൻ പിടിത്തം ഇപ്പോഴും തുടരുകയാണ്.
പുല്ലൻ, കരിമീൻ, പരൽ, പള്ളത്തി, വയന്പ്, നന്തൻ തുടങ്ങിയ മൽസ്യങ്ങളാണ വീശുവലകളിൽ കൂടുതലായി കിട്ടിയത്. കനാലിലെ ഒഴുക്കിനൊപ്പം കയറി വന്ന് പൊങ്ങിനടന്ന പുല്ലനേയും കരിമീനയുമൊക്കെ പലരും കോരിയെടുത്തു. മഴ ശക്തിയായി തുടരുന്നതിനാൽ കനാലിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിനൊപ്പം പുഴമീൻ കൂടുതലായി ലഭിക്കുമെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു.
വേന്പനാട്ടുകായലിൽനിന്ന് കെ വി കനാൽ വഴി കരിയാറിലേക്കിറങ്ങുന്ന മീനും ഉൗത്തപിടിത്തക്കാർക്ക് ലഭിക്കും. കഴിഞ്ഞ വർഷം വൻതോതിൽ മൽസ്യം ലഭിച്ചിരുന്നതിനാൽ ഓരുമുട്ട് പൊളിച്ചതറിഞ്ഞ് ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും യുവാക്കൾ വല വീശാനെത്തിയിരുന്നു.