കോട്ടയം: തമിഴ്നാട്ടിൽ മാത്രമായിരുന്നില്ല ഊട്ടി. കോട്ടയത്തുമുണ്ടായിരുന്നു ഒരു ഊട്ടി. കോട്ടയത്തിന്റെ സ്വന്തം ഊട്ടി ലോഡ്ജ്. തിരുനക്കരയിലെ ഊട്ടി ലോഡ്ജ് ഓർമയിലേക്ക് നിലം പൊത്തുന്നു.
തിരുനക്കര ബസ്സ്റ്റാൻഡ് കോംപ്ലക്സ് പൊളിക്കുന്നതോടെ കോട്ടയത്തെ മീറ്റിംഗുകളുടെ കേന്ദ്രമായ ഊട്ടി ലോഡ്ജും ഓർമയാകുകയാണ്.
1970-80 കാലഘട്ടത്തിൽ കോട്ടയത്തെ യോഗങ്ങളുടെയും കൂട്ടായ്മകളുടെയും പ്രധാന വേദിയായിരുന്നു തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ ഊട്ടി ലോഡ്ജ്.
ഗൂഗിൾ മാപ്പ് ഇല്ലാത്ത കാലത്തു പെട്ടെന്നു കണ്ടെത്താൻ കഴിയുന്ന മട്ടിൽ തലയുയർത്തി നിൽക്കുന്ന കെട്ടിടമായിരുന്നു ഉൗട്ടി ലോഡ്ജ്. 1970 ജനുവരി 20നു ഹോട്ടൽ വ്യാപാരിയായ വി.കെ.സുകുമാരനാണ് ഊട്ടി ലോഡ്ജ് തുറക്കുന്നത്.
കോട്ടയത്ത് എത്തുന്ന കച്ചവടക്കാരിൽ പലരും അന്തിയുറങ്ങാൻ സ്ഥലം അന്വേഷിച്ച് അന്ന് എത്തിയിരുന്നതു സുകുമാരന്റെ കടയിലായിരുന്നു.
നഗരത്തിൽ കച്ചവടത്തിനും മറ്റുമായി എത്തുന്നവർക്കു കുറഞ ചെലവിൽ അന്തിയുറങ്ങാൻ ഒരിടം ഒരുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ലോഡ്ജ് തുറന്നത്.
ഊട്ടിയിൽ എന്നായിരുന്നു സുകുമാരന്റെ വീട്ടുപേര്. ഇതിനോടു ചേർത്താണ് ഉൗട്ടി ലോഡ്ജ് എന്ന് സുകുമാരൻ ലോഡ്ജിനു പേരിട്ടത്.
1969ൽ അനുവാദം കിട്ടിയെങ്കിലും ഒരു വർഷം വേണ്ടിവന്നു കെട്ടിടം ലോഡ്ജാക്കി മാറ്റാൻ. രണ്ടു ഹാൾ ഉൾപ്പെടെ 44 മുറികളാണുണ്ടായിരുന്നത്.
പേരു കേട്ട് പലരും തമിഴ്നാട്ടുകാരുടേതാണോ ലോഡ്ജെന്നു ചോദിക്കുമായിരുന്നു പല രാഷ്ട്രീ യ നേതാക്കളും ഉൗട്ടി ലോഡ്ജിന്റെ പടി ചവിട്ടിക്കയറിയവരാണ്.
കേരള രാഷ്ട്രീയത്തിലെ പല ചർച്ചകൾക്കും തീരുമാനങ്ങൾക്കും ഉൗട്ടി ലോഡ്ജ് വേദിയായിട്ടുണ്ട്. 50 രൂപയായിരുന്നു അന്നത്തെ മുറിവാടക. പിന്നീടത് 350 വരെ ഉയർന്നു.
കെട്ടിടത്തിനു ബലക്ഷയമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിർദേശപ്രകാരമാണു തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ്
കോംപ്ലക്സ് കെട്ടിടം ഒഴിപ്പിക്കാൻ ഉത്തരവിട്ടത്. ഇതിന്റെ ഭാഗമയി കഴിഞ്ഞ ദിവസം വ്യാപാരികൾ കടകൾ ഒഴിഞ്ഞ് നഗരസഭയ്ക്ക് താക്കോൽ കൈമാറിയിരുന്നു.