കോയന്പത്തൂർ: നീലഗിരി ജില്ലയിൽ വേനൽ കടുത്താലും സഞ്ചാരികളുടെ തിരക്കിനു കുറവില്ല. അതിനാൽ എല്ലാ റോഡുകളിലും ഊട്ടി നഗരത്തിലും കനത്ത ഗതാഗതക്കുരുക്കാണ്. വാഹനത്തിരക്ക് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടവും പോലീസും വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്.
അവശ്യസേവനങ്ങളൊഴികെ മേയ് ഒന്നുമുതൽ 31 വരെ ഊട്ടി നഗരത്തിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി. ഗൂഡല്ലൂരിൽനിന്ന് ഊട്ടിയിലെത്തുന്ന എല്ലാ ടൂറിസ്റ്റ് ബസുകളും വാനുകളും മാക്സിക്യാബ് വാഹനങ്ങളും എച്ച്ബിഎഫ് കോൾപ്സ് റോഡിനു സമീപത്തു പാർക്ക് ചെയ്യാം. വിനോദസഞ്ചാരികളുടെ സൗകര്യപ്രകാരം പ്രത്യേക ബസുകൾ സർവീസ് നടത്തും.
ഊട്ടി ബോട്ട് ഹൗസ്, കർണാടക പാർക്ക് എന്നിവിടങ്ങളിൽനിന്നു വരുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഫിംഗർപോസ്റ്റിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് കന്തൽ ട്രയാംഗിൾ വഴി ബോട്ട് ഹൗസ് റോഡിലേക്കും കർണാടക പാർക്ക് റോഡിലേക്കും എത്താം.
കൂനൂരിൽനിന്ന് ഊട്ടിയിലേക്കു വരുന്ന സർക്കാർ ബസ് ഒഴികെ എല്ലാ ടൂറിസ്റ്റ് ബസുകളും വാനുകളും ആവിൻ പാർക്കിംഗ് സ്ഥലത്തു നിർത്തി അവിടെനിന്ന് ടൂറിസ്റ്റുകൾക്കു സർക്കാർ റൗണ്ട് ബസിൽ പോകാം.
കോട്ടഗിരിയിൽനിന്ന് ഊട്ടിയിലേക്കു വരുന്ന എല്ലാ വാഹനങ്ങളും കട്ടപ്പേട്ട് ജംഗ്ഷനിൽനിന്ന് തിരിച്ചുവിട്ട് കൂനൂർ വഴി വരണം. മേട്ടുപ്പാളയത്തുനിന്നു വരുന്ന എല്ലാ വാഹനങ്ങളും ബർളിയാർ, കൂനൂർ വഴിയും ഊട്ടിയിൽനിന്ന് മേട്ടുപ്പാളയത്തേക്കു പോകുന്ന എല്ലാ വാഹനങ്ങളും കോട്ടഗിരി വഴിയുമാണ് കടന്നുപോകേണ്ടതെന്ന് ഊട്ടി പോലീസ് അറിയിച്ചു. ലോറി, ട്രക്ക് മുതലായവയ്ക്ക് ഈ റൂട്ടിൽ പകൽസമയത്ത് യാത്രാനുമതിയില്ല.