കോട്ടയം: ഗവ. ഡോക്ടർമാരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ പാവപ്പെട്ട രോഗികളുടെ ദുരിതം വർധിച്ചു. സർക്കാർ ആശുപത്രിയെ മാത്രം ആശ്രയിക്കുന്നവരാണ് ഏറെ വലയുന്നത്. ബദൽ സംവിധാനം ഒന്നും സർക്കാർ ചെയ്തിട്ടുമില്ല.ഇതുവരെ ഒപി ബഹിഷ്കരിച്ച് സമരം ചെയ്ത ഡോക്ടർമാർ ഇന്നു മുതൽ രോഗികളെ അഡ്മിറ്റു ചെയ്യുന്നില്ലെന്ന തീരുമാനത്തിലേക്ക് നീങ്ങുകയാണ്. അഡ്മിഷൻ നിഷേധിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും ഒപി പ്രവർത്തിക്കുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഡോക്ടർമാർ വരുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വന്ന് സ്ഥിരമായി മരുന്നു കഴിക്കുന്ന രോഗികൾക്ക് സമരം തുടങ്ങുന്നതിനു തലേന്ന് ഒരാഴ്ചത്തേക്കുള്ള മരുന്നു നല്കിയിരുന്നു.
കോട്ടയം ജനറൽ ആശുപത്രിയിൽ ഒപി ബഹിഷ്കരണം തുടരുകയാണ്. ഇവിടെ ഒപിയുള്ള ദിവസം പോലും അത്യാഹിത വിഭാഗത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സൗകര്യവും കുറവാണ്. ഒപി പ്രവർത്തിക്കാതായതോടെ രോഗികൾ കൂട്ടത്തോടെ അത്യാഹിത വിഭാഗത്തിലേക്ക് തള്ളിക്കയറുന്നതോടെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തന്നെ അവതാളത്തിലായി.
അതേ സമയം ഹാജർ രേഖപ്പെടുത്താത്ത ഡോക്ടർമാർ ഒപിയിൽ ഇരിക്കാതെ അത്യാഹിത വിഭാഗത്തിലെത്തി രോഗികളെ ചികിത്സിക്കുന്നുണ്ട്. ശനിയാഴ്ച ജില്ലയിലെ 401 ഡോക്ടർമാരിൽ 37 പേർ മാത്രമാണ് ഹാജർ രേഖപ്പെടുത്തിയത്. ശനിയും ഞായറും അവധിയായതിനാൽ രോഗികളുടെ എണ്ണം കുറവായിരുന്നു. മാത്രവുമല്ല ചെറിയ രോഗങ്ങളുള്ളവർ സമരം തീരട്ടെ എന്ന നിലപാടിൽ ആശുപത്രികളിലേക്ക് പോയിരുന്നില്ല. എന്നാൽ ഇന്ന് അതല്ല സ്ഥിതി.
എല്ലാ ആശുപത്രികളിലും നല്ല തിരക്കാണ്. കഴിഞ്ഞ ദിവസം ചികിത്സ മാറ്റി വച്ചവർ വരെ ഇന്ന് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ജനറൽ ആശുപത്രിയിലെ കരാർ ഡോക്ടർമാരും ഹൗസ് സർജൻമാരും ഉൾപ്പെടെ 21 ഡോക്ടർമാർ കഴിഞ്ഞ ദിവസം ജോലിക്കെത്തിയിരുന്നു.