ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് എടുക്കാൻ എത്തുന്നവർ കോവിഡ് നിയന്ത്രണം പാലിക്കുന്നില്ല. ഇവിടെത്തുന്നവരോട് ക്യുവിൽ നിൽക്കുവാൻ സുരക്ഷാ ജീവനക്കാർ പറയുകയും മൈക്കിലൂടെ അനൗണ്സ്മെന്റ് നടത്തുകയും ചെയ്തിട്ടും അനുസരിക്കുവാൻ തയാറാകാതെ വരുന്നത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ആശുപത്രി അധികൃതർ.
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിട്ടും ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന നിലയിലാണ് ഇവിടെത്തുന്നവർ. വാക്സിൻ എടുത്ത 12 സീനിയർ ഡോക്ടർമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സുരക്ഷാ സംവിധാനം ശക്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ചയിൽ സൈകാട്രി, അസ്ഥിരോഗം, ജനറൽ സർജറി, യൂറോളജി, ന്യൂറോ സർജറി എന്നീ വിഭാഗങ്ങളുടെ വാർഡുകളിൽ കഴിഞ്ഞിരുന്ന നിരവധി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേയാണ് ഇന്നലെ 12 ഡോക്ടർമാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനത്തെ തുടർന്ന് വാർഡുകളിലെ രോഗി സന്ദർശനം നിരോധിച്ചിരിക്കുകയാണ്.ചികിത്സയിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കോവിഡ് നെ ഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ രോഗീപരിചരണത്തിന് അനുമതി നൽകുകയുള്ളൂ. ഇപ്പോൾ ചികിത്സയിലുള്ള രോഗികളുടെ ഒരു കൂട്ടിരിപ്പുകാർക്ക് സൗജന്യമായി കോവിഡ് പരിശോധന നടത്തും.
ഒന്നിൽ കൂടുതൽ കൂട്ടിരിപ്പുകാർ ആവശ്യമായി വരുന്നവർ സ്വന്തമായി പണം മുടക്കി കോവിഡ് പരിശോധ നടത്തണം. കൂടാതെ ആശുപത്രി വളപ്പിൽ അനധികൃതമായി താവളമടിച്ചിരിക്കുന്ന മുഴുവൻ പേരേയും ഒഴിവാക്കും.
സ്റ്റേ പാസ് ഇല്ലാത്ത ആരേയും വാർഡുകളിലോ, ആശുപത്രി വളപ്പിലോ തങ്ങാൻ അനുവദിക്കില്ല. വിവിധ ഒപികളിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു.