കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഒപി വിഭാഗത്തിൽ ആവശ്യമായ ഡോക്ടർമാരില്ലാത്തത് കാരണം രോഗികൾ ക്ഷുഭിതരായി ബഹളം വച്ചു. ദിനംപ്രതി ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ 2000-ൽ പരം രോഗികൾ എത്തുന്ന ഇവിടെ കഴിഞ്ഞ ദിവസം ഒ.പി.വിഭാഗത്തിൽ ആകെ മൂന്ന് ഡോക്ടർമാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
ഇതാണ് രോഗികളെ പ്രകോപിതരാക്കിയത്.ആകെയുള്ള 23 ഡോക്ടർമാരിൽ നാലു പേര് അവധിയിലാരുന്നു. ആറുപേർ ഡ്യൂട്ടി ഓഫിലും. മൂന്നു പേർ ഓപറേഷൻ വിഭാഗത്തിലും മറ്റുള്ളവർ സെപഷ്യാലിറ്റി വിഭാഗത്തിലുമാണുണ്ടായിരുന്നത്. ഇത് കാരണം ജനറൽ ഒപി യിൽ ആവശ്യമായ ഡോക്ടർമാർ ഇല്ലാതെ വന്നു.
തിങ്കളാഴ്ച ആയതിനാൽ രോഗികളുടെ തിരക്കും ഏറിയിരുന്നു. അതിരാവിലെ എത്തിയ രോഗികൾ പത്തു മണിയായിട്ടും ചികിത്സ കിട്ടാതായതോടെ ബഹളം തുടങ്ങുകയായിരുന്നു.പ്രശ്നം രൂക്ഷമായതോടെ നഗരസഭ ചെയർമാൻ കെ. സത്യൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുന്ദരൻ എന്നിവരെത്തിയതോടെ ഇവർക്ക് മുന്നിൽ രോഗികൾ തങ്ങളുടെ ദയനീയാവസ്ഥ അറിയിക്കുകയായിരുന്നു.
തുടർന്ന് ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ സ്പെഷ്യാലിറ്റിയിലുള്ള ഡോക്ട്ടർമാർ ഒപിയിൽ പരിശോധനക്ക് തയാറായതോടെയാണ് രംഗം ശാന്തമായത്. പിന്നീട് നഗരസഭ ചെയർമാൻ ഇടപെട്ട് വൈകീട്ടോടെ എൻആർഎച്ച്എമ്മിൽ നിന്ന് ഒരു ഡോക്ടറെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.