ഗാന്ധിനഗർ: ഒപി ടിക്കറ്റുകൾ അടിച്ചു മാറ്റിയതാര് ? മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാർ പരസ്പരം ചോദിക്കുന്നു. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 100 ഒപി ചീട്ടുകൾ കാണാതായതാണ് ഇപ്പോൾ വിവാദ വിഷയമായത്.
ഒപി കൗണ്ടറുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അധികൃതർ താക്കീതു നല്കിയതോടെ സംഭവം ഒതുങ്ങിയെങ്കിലും ചീട്ട് എവിടെ എന്ന ചോദ്യം ഉയരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് ഡോക്ടറെ കാണുന്നതിനായുള്ള ഒപി ചീട്ടുകളാണ് കൗണ്ടറിൽ നിന്നും കാണാതായത്. ഒാരോ ദിവസവും ഒപി ചീട്ട് നൽകുന്നതിനായി തലേദിവസം തന്നെ ഒപി ചീട്ടിൽ നന്പർ അടിച്ച് കൗണ്ടറിൽ സൂക്ഷിക്കുകയാണ് രീതി. ഇങ്ങനെ നന്പർ ഇട്ട് ഒപി കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 100 ഒപി ചീട്ടുകളാണ് കാണാതായത്.
നേരത്തേ രണ്ടു കൗണ്ടറുകൾ വഴിയാണ് സ്ത്രീകൾക്കും പുരുഷൻമാർക്കും ഒപി ചീട്ട് നല്കിയിരുന്നത്. ഒരാൾ ടിക്കറ്റ് നല്കി പേര് എഴുതുന്പോൾ മറ്റേയാൾ രജിസ്റ്ററിൽ പേര് രേഖപ്പെടുത്തും. എന്നാൽ ഒരു ദിവസം പുതിയ ജീവനക്കാരൻ എത്തി ടിക്കറ്റ് നല്കി വരുന്പോഴാണ് കണക്കനുസരിച്ചുള്ള ടിക്കറ്റ് ഇല്ല എന്നു ബോധ്യപ്പെട്ടത്. ഇക്കാര്യം ബന്ധപ്പെട്ട നഴ്സിംഗ് സൂപ്രണ്ടിനെ അറിയിച്ചതോടെയാണ് ഒപി ടിക്കറ്റ് കാണാതായത് പുറത്തായത്.
ക്യൂ വിൽ നിൽക്കാത്ത വേണ്ടപ്പെട്ടവർക്കു നൽകുന്നതിന് ആരോ മാറ്റിവച്ചുവെന്ന സംസാരമാണ് ജീവനക്കാർക്കിടയിൽ കേൾക്കുന്നത്. കൂടുതൽ ടിക്കറ്റുകൾ മോഷണം പോയതിന്റെ പിന്നിൽ സാന്പത്തിക ലാഭത്തിനാണോയെന്നും ആരോപണമുയർന്നു. എന്തായാലും ആശുപത്രി അധികൃതർ ജീവനക്കാർക്ക് താക്കീത് നൽകിയിരിക്കുകയാണ്.