കോഴിക്കോട്:പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിനു തൊട്ടുപിന്നാലെ പട്ടികജാതി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചസംഭവത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് തേഞ്ഞിപ്പലം പോലീസ്.
നിലവില്‍ പരാതി ലഭിച്ചിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി.വിജിത്തി(33)ന്റെ മൊഴി രേഖപ്പെടുത്തും.
അതിനു ശേഷമായിരിക്കും തുടര്‍ നടപടികള്‍. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നപറയപ്പെടുന്നുണ്ട്. നിലവില്‍ ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും പോലീസ് പറഞ്ഞു.
സ്ഥാനമാേറ്റതിനു പിന്നാലെ
വ്യാഴാഴ്ച പുലർച്ചെയാണ് ചേളാരിക്കടുത്ത് ആലുങ്ങലിലുള്ള വീട്ടിൽ വിജിത്ത് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. അത്യാസന്ന നിലയിലായ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു.
അയൽവാസികളുടെ സഹായത്തോടെ വീട്ടുകാരാണ് ദളിത് യുവാവായ പഞ്ചായത്ത് പ്രസിഡന്റിനെ ആശുപത്രിയിലെത്തിച്ചത്.
തേഞ്ഞിപ്പലം ആലുങ്ങൽ സ്വദേശിയായ ടി. വിജിത്ത് ബുധനാഴ്ചയാണ് പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ തേഞ്ഞിപ്പലം ഇത്തവണ സംവരണ പഞ്ചായത്തായിരുന്നു. പ്രസിഡന്റ് സ്ഥാനം പട്ടികജാതി(ജനറൽ) സംവരണമാണ്. തേഞ്ഞിപ്പലം പഞ്ചായത്ത് 11-ാം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർഥിയായാണ് വിജിത്ത് വിജയിച്ചത്.
പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷമുണ്ടായ മാനസിക സംഘർഷവും ലീഗിലെ ഗ്രൂപ്പിസവും പടല പിണക്കങ്ങളും പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാശ്രമത്തിനു കാരണമായതായാണ് സൂചന.
നേരത്തെ കോൺഗ്രസ്
നേരത്തെ കോണ്‍ഗ്രസുകാരനായ വിജിത്തിനെകൊണ്ടു താത്കാലികമായി മുസ്ലിം ലീഗിൽ മെംബർഷിപ്പ് എടുപ്പിക്കുകയാണ് ചെയ്തത്.
പഞ്ചായത്തിൽ എസ്.സി സംവരണ വാർഡായ പതിനൊന്നാം വാർഡിൽ വിജിത്തിനെ മത്സരിപ്പിക്കുന്നതിനായിരുന്നു വിജിത്തിനു ലീഗിൽ അംഗത്വം നൽകിയത്.
എന്നാൽ, സ്ഥാനാർഥി നിർണയ കാര്യത്തിൽ ലീഗിൽത്തന്നെ അഭിപ്രായ വ്യത്യാസമുണ്ടാവുകയും സ്ഥാനാർഥി നിർണയയോഗത്തിൽ ഇതു ബഹളത്തിനിടയാക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച വിജിത്തിനെ പ്രസിഡന്റാക്കുന്നതിലും ലീഗിലെ ഇരുപക്ഷവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു.
പഞ്ചായത്തിലെ 17-ാം വാർഡിൽ നിന്നു വിജയിച്ച വനിതയെ പഞ്ചായത്ത് പ്രസിഡന്റാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടത് അംഗീകരിക്കാതെയാണ് വിജിത്തിനു പ്രസിഡന്റ് പദവി നൽകിയത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം കടുത്ത മാനസിക സംഘർഷത്തിലായിരുന്നു വിജിത്ത്.
അന്വേഷണം വേണമെന്ന് എൽഡിഎഫ്
തേഞ്ഞിപ്പലം:കഴിഞ്ഞ ദിവസം അധികാരമേറ്റ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജിത്ത് ജീവനൊടുക്കാൻ ശ്രമം നടത്തിയതിനെ സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൽഡിഎഫ് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
നേരത്തെ കോണ്‍ഗ്രസുകാരനായ വിജിത്തിനെ കൊണ്ടു താത്ക്കാലികമായി ലീഗിൽ മെംബർഷിപ്പ് എടുപ്പിക്കുകയാണ് ചെയ്തത്.
എസ് സി സംവരണ വാർഡായ പതിനൊന്നാം വാർഡിൽ വിജിത്തിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ മുസ്ലിം ലീഗിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ടാവുകയും സ്ഥാനാർഥി നിർണയയോഗത്തിൽ ലീഗുകാർ പരസ്പരം അടികൂടുകയും ചെയ്തിട്ടുണ്ടെന്ന് എൽഡിഎഫ് ആരോപിച്ചു.
അടിസ്ഥാന രഹിതമെന്ന് യുഡിഎഫ്
തേഞ്ഞിപ്പലം: വിജിത്തിന്റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് എൽഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നു യുഡിഎഫ് തേഞ്ഞിപലം പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
തേഞ്ഞിപ്പലം പതിനൊന്നാം വാർഡിൽ എസ് സി ജനറൽ സംവരണ സീറ്റിൽ ഉയർന്ന ഭൂരിപക്ഷത്തിനാണ് വിജിത്ത് വിജയിച്ചത്.
മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ച അദ്ദേഹത്തെ വാർഡിൽ മൽസരിപ്പിക്കുന്നതിനു യാതൊരുവിധ എതിർപ്പുകളും ഉണ്ടായിട്ടില്ല. എൽഡിഎഫിന്റെ ഹീനമായ രാഷ്ട്രീയ കുതന്ത്രത്തിൽനിന്നുമാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഐക്യമുന്നണി നേതാക്കൾ അറിയിച്ചു.