വാറങ്കൽ (തെലങ്കാന): ഇന്നലെ അവസാനിച്ച 60-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിനായി മെഡൽ നേടിയത് അപർണ റോയ് മാത്രം. വനിതാ 100 മീറ്റർ ഹർഡിൽസിൽ അപർണ വെള്ളി സ്വന്തമാക്കി.
ഫോട്ടോ ഫിനിഷിലൂടെയാണ് അപർണ സ്വർണത്തിൽനിന്നു പിന്തള്ളപ്പെട്ടത്. 13.58 സെക്കൻഡിൽ അപർണ ഓടിച്ചാടി ഫിനിഷിംഗ് ലൈൻ കടന്നു.
13.54 സെക്കൻഡിൽ ഫിനിഷ് ചെയ്ത റെയിൽവേസിന്റെ സി. കനിമൊഴിക്കാണു സ്വർണം. തമിഴ്നാടിന്റെ കെ. നന്ദിനി (13.90 സെക്കൻഡ്) വെങ്കലം സ്വന്തമാക്കി.
13 സ്വർണം, 10 വെള്ളി, 13 വെങ്കലം എന്നിങ്ങനെ 36 മെഡലുമായി റെയിൽവേസ് ഓവറോൾ ചാന്പ്യന്മാരായി. ഏഴു സ്വർണവും ഏഴ് വെള്ളിയും 11 വെങ്കലവും സ്വന്തമാക്കി തമിഴ്നാട് രണ്ടാമത് ഫിനിഷ് ചെയ്തു.
ആറു സ്വർണം, 13 വെള്ളി, 11 വെങ്കലം എന്നിവയുമായി സർവീസസ് ആണു മൂന്നാമത്. ഒരു വെങ്കലം മാത്രമുള്ള കേരളം 17-ാം സ്ഥാനത്താണ്.