കട്ടപ്പന: സംസ്ഥാനത്ത് ബാറുകൾ അടച്ചുപൂട്ടിയത് മയക്കുമരുന്നുകളുടെ ഉപയോഗം വർധിക്കാൻ കാരണമായെന്ന് മന്ത്രി എം.എം. മണി. കട്ടപ്പനയിൽ പോലീസ് അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.
ബാറുകൾ പൂട്ടിയശേഷം ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്യുന്ന കേസുകളുടെ എണ്ണം വർധിച്ചു. കഞ്ചാവിന്റെയും വ്യാജ മദ്യത്തിന്റെയും ഉപഭോഗവും വർധിച്ചു. ഇതെല്ലാം തങ്ങൾ മനസിലാക്കിയിട്ടുമുണ്ട്, പഠിച്ചിട്ടുമുണ്ട്. ഇതുകൊണ്ടുതന്നെയാണ് ചിലതെല്ലാം തുറക്കൻ തങ്ങൾ തീരുമാനിച്ചത്. ഇത് തങ്ങളെല്ലാം കുടിയന്മരായതു കൊണ്ടല്ല, സമൂഹം നശിക്കാതിരിക്കാനാണ്. ഇതുകൊണ്ട് തന്നെയാണ് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും കണ്ടില്ലെന്ന് നടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കുറ്റാന്വേഷണ രംഗത്ത് മികവുതെളിയിച്ച ഉദ്യോഗസ്ഥർക്ക് ഉപഹാരങ്ങൾ നൽകി. അസോസിയേഷന്റെ കുടുംബ സഹായനിധി വിതരണം ജോയ്സ് ജോർജ് എംപി നിർവഹിച്ചു. എസ്ഐ ജോയ്സ് അപ്രേമിന് യാത്രയയപ്പ് നൽകി. ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ, കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.