തൃശൂർ: തീരദേശ, മലയോര ഹൈവേകൾ കൂടുതൽ പശ്ചാത്തല സൗകര്യമൊരുക്കി വികസിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു വരുന്നതായി മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാംവാർഷികാഘോഷത്തിന്റെ ജില്ലാതല പരിപാടികൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കേരളം നിക്ഷേപ സംസ്ഥാനമാക്കി കൂടുതൽ പേർക്ക് തൊഴിൽ സൗകര്യമൊരുക്കും. തൊഴിൽ കന്പോളം, ഉത്പാദന പ്രക്രിയ എന്നിവ സജീവമാക്കും. സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം, ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവ ജനകീയാടിത്തറയിൽ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടം പൂർത്തിയാക്കാത്ത 3229 വീടുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കും. ഭൂമിയുള്ള ഭവനരഹിതർക്ക് ഈ വർഷം വീടുനിർമിച്ചു നൽകും. ഇതിനായി ഹഡ്കോയിൽനിന്ന് 3250 കോടിരൂപ വായ്പയെടുത്തതായും അദ്ദേഹം പറഞ്ഞു.
മുളങ്കുന്നത്തുകാവിൽ പൂട്ടിക്കിടന്നിരുന്ന കെൽട്രോണ്‍ സ്ഥാപനങ്ങൾ ഈ വർഷം തുറന്ന് സൗരോർജപാനൽ നിർമാണം തുടങ്ങും. ഗുരുവായൂരിൽ പഴയ ഗസ്റ്റ് ഹൗസിന്റെ സ്ഥാനത്ത് 23 കോടി രൂപ ചെലവിൽ പുതിയ ഗസ്റ്റ് ഹൗസ് സമുച്ചയം പണിയും. ഇതിന്റെ ശിലാസ്ഥാപനം 28ന് നടത്തും.
ഗുരുവായൂരിലെ പ്രസാദം പദ്ധതിക്കായി അനുവദിച്ചിട്ടുള്ള 90 കോടി രൂപയിൽനിന്ന് 20 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിക്കാനായെന്നും അദ്ദേഹം അറിയിച്ചു.