വടക്കഞ്ചേരി: മുടപ്പല്ലൂരിൽ ബിവറേജസിന്റെ മദ്യവില്പനശാല പ്രവർത്തിക്കുന്ന പരിസരപ്രദേശങ്ങളിൽ മദ്യപരുടെ വിളയാട്ടം. മദ്യംവാങ്ങി ഇവിടത്തെ ഇടവഴികളിലും കടകളുടെ മാവിലും കൂട്ടംകൂടിയിരുന്നു മദ്യപിച്ച് ലഹരി മൂക്കുന്നതോടെ സമീപപ്രദേശങ്ങളിലെ താമസക്കാർക്കു നേരെയാണ് തെറി അഭിഷേകവും ഭീഷണിയും നടത്തുന്നത്.
മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് വഴിയിൽ കിടക്കുന്നവരും കുറവല്ല. വഴികളിൽ മലമൂത്ര വിസർജനവും ഛർദിച്ചും വഴിനടക്കാനാകാത്ത സ്ഥിതിയാണെന്നാണ് പരാതി. പകലും രാത്രിയും വ്യത്യാസമില്ലാതെയാണ് ഇവിടെ മദ്യപസംഘങ്ങൾ ഒത്തുകൂടുന്നത്.ഇതുമൂലം സ്ത്രീകൾക്കും കുട്ടികൾക്കും വഴിനടക്കാനും ബുദ്ധിമുട്ടായിരിക്കുകയാണ്. മദ്യപരുടെ ശല്യം സഹിക്കവയ്യാതെ ഏതുസമയവും വീടുകളുടെ ജനാലകളും വാതിലും അടച്ചിട്ടാണ് പ്രദേശവാസികൾ ദിവസങ്ങൾ തള്ളിനീക്കുന്നത്.
പെണ്കുട്ടികളുള്ള വീട്ടുകാർ ഏറെ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. രാത്രികാലത്ത് സമീപത്തെ വീടുകളുടെ ഗേറ്റുകൾക്കുമുന്നിൽ മലവിസർജനം നടത്തിയാണ് മദ്യപന്മാർ തിരിച്ചുപോകുക. സമീപത്തെ ചില കച്ചവടക്കാരും സംഘങ്ങൾക്ക് മദ്യപിക്കാനുള്ള സൗകര്യം ചെയ്തുനല്കുന്നതിനാൽ ഓരോദിവസവും ഇത്തരം സംഘങ്ങൾ വർധിച്ചുവരികയാണ്.
ചില രാഷ്ട്രീയപാർട്ടികളുടെ പ്രാദേശികനേതാക്കളും മദ്യപ·ാരെ പ്രയോജനപ്പെടുത്തി മുതലെടുപ്പു നടത്തന്നതായും പരാതിയുണ്ട്. പ്രദേശവാസികൾ വടക്കഞ്ചേരി പോലീസിൽ പരാതി നല്കിയപ്പോൾ രണ്ടുമൂന്നുദിവസം പോലീസ് സ്ഥലത്തെത്തി നടപടിയെടുത്തിരുന്നു.
എന്നാൽ പോലീസ് പി·ാറിയതോടെ എല്ലാം പഴയമട്ടിലായി. മദ്യശാലയ്ക്കു സമീപത്തെ ഇടവഴികളിലും പരിസരത്തും തെരുവുവിളക്കുകൾ സ്ഥാപിക്കാതെ പഞ്ചായത്തും മദ്യപ·ാർക്ക് എല്ലാ വഴിവിട്ട നടപടികൾക്കും കൂട്ടുനില്ക്കുന്നതായും ആക്ഷേപമുണ്ട്.
മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയോരത്താണ് മുടപ്പല്ലൂരിലെ മദ്യശാല പ്രവർത്തിക്കുന്നതെങ്കിലും ഇതുമറച്ചുവച്ച് സംസ്ഥാനപാത ജില്ലാ പാതയാക്കി തരംതാഴ്ത്തി എന്നൊക്കെയുള്ള തെറ്റായ പ്രചാരണത്തിന്റെ മറവിലാണ് മദ്യശാല ഇവിടെ പ്രവർത്തിക്കുന്നത്. ഇതിനെതിരേ ഏതാനുംപേർ കോടതിയെ സമീപിച്ച് നീതിക്കായി കാത്തിരിക്കുകയാണ്.