കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ കടകമ്പോളങ്ങള്‍ വീണ്ടും സജീവമായെങ്കിലും വ്യാപാരമേഖലയില്‍ ആശങ്ക. കടയില്‍ പോകുന്നവരുടെയും അവിടുത്തെ ജീവനക്കാരുടേയും കാര്യത്തില്‍ മന്ത്രി നിയമസഭയില്‍ പറഞ്ഞതിന് വ്യത്യസ്തമായി സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ് ആശങ്ക സൃഷ്ടിച്ചത്.
അതേസമയം സര്‍ക്കാര്‍ പുറപ്പെടുവിച്ച നിബന്ധനകള്‍ പൂര്‍ണമായും നടപ്പാക്കി വ്യാപാരികള്‍ കച്ചവടം ആരംഭിച്ചിട്ടുണ്ട്. ട്രയല്‍ റണ്‍ എന്ന രീതിയിലാണ് ഇന്നത്തെ കച്ചവടമെന്നും അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ അക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന് അറിയിച്ചു.
മന്ത്രി പറഞ്ഞതും ഉത്തരവും
കടകള്‍ സന്ദര്‍ശിക്കുന്നവര്‍ ആദ്യഡോസ് വാക്സിന് സ്വീകരിച്ചവരോ 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യമെന്നായിരുന്നു ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് നിയമസഭയില്‍ പറഞ്ഞത്.
എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അഭികാമ്യമെന്ന് പറഞ്ഞ കാര്യങ്ങളുള്‍പ്പെടെ നിര്‍ബന്ധമാക്കികൊണ്ട് സര്‍ക്കാര്‍ ഉത്തരവായി ഇറക്കുകയായിരുന്നു.
കടകളിലും മാര്‍ക്കറ്റുകളിലും മറ്റും പോകുന്നവരും അവിടെ ജോലി ചെയ്യുന്നവരും രണ്ടാഴ്ച മുന്‍പ് ആദ്യ ഡോസ് എങ്കിലും വാക്സീന് എടുത്തവരോ അല്ലെങ്കില്‍ 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരോ അതുമല്ലെങ്കില്‍ ഒരു മാസം മുന്‍പ് കോവിഡ് പോസിറ്റീവ് ആയി രോഗമുക്തി നേടിയവരോ ആയിരിക്കണമെന്നാണു നിബന്ധന.
ഇതിന്റെ ഉത്തരവാദിത്തം സ്ഥാപന ഉടമകള്‍ക്കാണെന്നും ഉത്തരവിലുണ്ട്. ഇത് പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടേറെയാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
സ്വാഗതാർഹമാണ്, പക്ഷേ….
കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കിയത് സ്വാഗതാര്‍ഹമാണെന്നാണ് വ്യാപാരികളുടെ അഭിപ്രായം. ഇക്കാര്യം ഇന്നലെ തന്നെ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനും പറഞ്ഞിരുന്നു.
എന്നാല്‍ നിബന്ധനകള്‍ പോലീസ് പരിശോധിക്കാന്‍ തുടങ്ങിയാല്‍ വലിയ പ്രതിസന്ധിയിലേക്ക് നയിക്കും. മാസ്ക് പരിശോധന കര്‍ശനമാക്കിയത പോലീസ് ഇനി മുതല്‍ കടകളില്‍ കൂടി കര്‍ശനമായി നിരീക്ഷിക്കും.
വാക്സിന്, ആര്‍ടിപിസിആര്‍ രേഖകള്‍ തുടങ്ങിയവ കടകളിലെത്തിയും പോലീസ് പരിശോധിക്കും. ഓണം സീസണില്‍ വ്യാപാരമേഖല കൂടുതല്‍ സജീവമാകുമ്പോള്‍ ഇത്തരത്തിലുള്ള പരിശോധന തിരിച്ചടിയായി മാറുമോയെന്നാണ് വ്യാപാരികളുടെ ആശങ്ക.
ജനങ്ങളെ അകറ്റും ?
തിരുവനന്തപുരം: ആഴ്ചയിൽ ആറു ദിവസം കടകൾ തുറക്കാൻ അനുവദിച്ചതിൽ ആശ്വാസം കൊള്ളുന്പോഴും വ്യാപാരികൾക്ക് ആശങ്കയൊഴിയുന്നില്ല. കടകളിൽ പോകുന്ന ജനങ്ങൾ വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും സർട്ടിഫിക്കറ്റ് കൈവശം കരുതണമെന്നുമുള്ള നിർദേശങ്ങൾ ജനങ്ങളെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നകറ്റുമെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്.
പുതിയ നിബന്ധനകളുടെ പേരിൽ പൊലീസ് പരിശോധന കർശനമായാൽ കടകളിലേക്ക് ആളുകൾ എത്താൻ മടിക്കുമെന്നും വ്യാപാരികൾ പറയുന്നു. ഉപഭോക്താക്കൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദ്ദേശം പൂർണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.
ഇത്തരം ആശങ്കകൾ ചൂണ്ടിക്കാട്ടി വ്യപാരിവ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകും.
ഇന്ന് യോഗം
അതേസമയം ലോക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ വ്യപാരിവ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്.