ന്യൂഡല്‍ഹി: ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. 65 വയസ് കഴിഞ്ഞവർക്കും 10 വയസിനു താഴെയുള്ളവർക്കും ഗര്‍ഭിണികൾക്കും മറ്റ് അസുഖങ്ങള്‍ ഉള്ളവർക്കും ആരാധനാലയത്തിൽ പ്രവേശനമില്ല.
പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്കാന് പാടില്ലെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ആരാധനാലയങ്ങളുടെ മാനേജ്മെന്റുകള്‍ ഉറപ്പാക്കണമെന്നും മാര്‍ഗരേഖയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാർഗനിർദേശങ്ങൾ
• ആരാധനാലയത്തിലെ വിഗ്രഹം, പരിശുദ്ധ ഗ്രന്ഥങ്ങൾ എന്നിവയിൽ തൊടാൻ ഭക്തരെ അനുവദിക്കരുത്.
• ആരാധനാലയത്തിനുള്ളില്‍ പ്രസാദം, തീര്‍ത്ഥം എന്നിവ നല്കാന് പാടില്ല.
• സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്ക്കും ആയി ഒരു പായ അനുവദിക്കില്ല.
• കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.
• താപനില പരിശോധിക്കാന്‍ പ്രവേശന കവാടത്തില്‍ സംവിധാനം ഉണ്ടാകണം.
• മാസ്കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്.
• ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഒരുമിച്ച് ആള്‍ക്കാരെ പ്രവേശിപ്പിക്കരുത്.
• ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും അണുവിമുക്തമാക്കുകയും വേണം.
• ആരാധനാലയത്തില്‍ വച്ച് ആരെങ്കിലും അസുഖ ബാധിതരായാൽ ഉടൻ തന്നെ അവരെ മറ്റൊരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണം.
• 65 വയസിന് മുകളിലുള്ളവർ, 10 വയസിന് താഴെ ഉള്ളവർ, ഗര്‍ഭിണികൾ മറ്റ് അസുഖങ്ങള്‍ ഉള്ളവർ എന്നിവർ വീടിനുള്ളിൽ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ ഇല്ലെങ്കില്‍ ഇവർ വീട് വിട്ടു പുറത്തിറങ്ങരുത്.
• പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകമായാണ് വയ്ക്കേണ്ടത്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ച് പാദരക്ഷകള്‍ വയ്ക്കാം.
• ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം.
• ആരാധനാലയത്തിന് പുറത്ത് ഉള്ള കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം.
• ആരാധനാലയത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം.
• വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ അനുവദിക്കരുത്.
• ഗായക സംഘങ്ങളെ അനുവദിക്കരുത്. പരാമാവധി റെക്കോര്‍ഡ് ചെയ്ത ആത്മീയ ഗാനങ്ങളും വാദ്യമേളങ്ങളും ആണ് ഉപയോഗിക്കേണ്ടത്.