തുറവൂർ: തിരക്കേറിയ റോഡിൽ സുരക്ഷാവേലിയില്ലാതെ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തിയിട്ടും ഗൗനിക്കാതെ വൈദ്യുതി അധികൃതർ. ദേശീയ പാതയിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള പൊന്നാംവെളി മേനാശേരി റോഡിൽ കോതകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് ട്രാൻസ്ഫോർമർ നാട്ടുകാർക്ക് വില്ലനാകുന്നത്.
റോഡിൽ പാലം കടന്ന് കിഴക്കുനിന്ന് വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങളുടെ വശം ട്രാൻസ്ഫോർമറിൽ തട്ടി ഉരയുന്നതും തീപ്പൊരി ഉയരുന്നതും നിത്യസംഭവമാണ്. ഏത് സമയത്തും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് ദേശീയ പാതയിലെ പൊന്നാംവെളി ടൗണിലും മാർക്കറ്റിലും എത്താനുള്ള എളുപ്പമായ റോഡിലൂടെ സ്കൂൾ കുട്ടികളടക്കം നൂറ് കണക്കിന് പേരാണ് സഞ്ചരിക്കുന്നത്. പട്ടണക്കാട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ളതാണ് ഈ ട്രാൻസ്ഫോർമർ.
അപകടകരമായ നിലയിലുള്ള ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷാവേലി ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാൽ അധികൃതരെ പലതവണ വൈദ്യുതി ഓഫീസിൽ പരാതിപ്പെട്ടിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കാത്തതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.