കോഴിക്കോട്: ‘വീട്ടില്‍നിന്നു വോട്ട്’ സേവനം ഉപയോഗപ്പെടുത്തി പിതാവ് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയ സംഭവത്തിൽ മകനെതിരേ കേസ്. മലയമ്മ പുള്ളന്നൂരിലെ ഞെണ്ടാഴിയില്‍ മൂസയുടെ മകൻ ഹമീദിനെതിരേയാണ് കുന്നമംഗലം പോലീസ് കേസെടുത്തത്.
വയോധികനായ മൂസയുടെ വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. പ്രത്യേക സാഹചര്യമായതിനാല്‍ മൂസയുടെ വോട്ട് ഓപ്പണ്‍ വോട്ടായി ഹമീദ് രേഖപ്പെടുത്തുകയായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനിടയില്‍ ഇയാള്‍ സ്വന്തം മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്തു.
ഇതു ശ്രദ്ധയില്‍പ്പെട്ട റിട്ടേണിംഗ് ഓഫീസറാണ് പോലീസില്‍ പരാതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമത്തിനെതിരായ പ്രവർത്തനമാണ് ഹമീദിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വോട്ടു രേഖപ്പെടുത്തുമ്പാള്‍ ഉണ്ടാവേണ്ട സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് കാണിച്ചാണു പരാതി. ദൃശ്യങ്ങള്‍ പകർത്തിയ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
മുൻകൂട്ടി അപേക്ഷ നല്കിയ ഭിന്നശേഷിക്കാർക്കും 85 വയസിനു മുകളിലുള്ള വയോധികർക്കുമാണു വീട്ടില്‍നിന്നു വോട്ടിന് അവസരം ലഭിച്ചത്.