
സ്വന്തം ലേഖകൻ
തൃശൂർ: ആൾമറയില്ലാത്ത കിണറുകൾ വീണ്ടും മരണക്കിണറായി. കാട്ടകാന്പാലിൽ ചിറയിൻകാട് ആൾമറയില്ലാത്ത കിണറിൽ വീണ് ഇന്നലെ ഒന്നര വയസുകാരൻ മരിച്ചു. മലപ്പുറം ചെറവല്ലൂർ വാഴാമലയിൽ ഫസലു റഹ്മാന്റെ മകൻ ഹമദ് സെയ്ഫാണ് മരിച്ചത്.
സംസ്ഥാനത്തെ ആൾവാസ മേഖലയിലും ജനവാസമില്ലാത്ത പ്രദേശങ്ങളിലും വ്യാപകമായി ആൾമറയില്ലാത്ത കിണറുകളുണ്ട്. ശുദ്ധജലം ധാരാളമുള്ള, ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിണറുകളും പാറമൂലം വെള്ളമില്ലാതെ ഉപയോഗശൂന്യമായ കിണറുകളുമുണ്ട്.
ഇത്തരം കിണറുകൾ കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കുപോലും അപകടക്കിണറാകുന്നുണ്ട്. പലപ്പോഴും തെരുവുനായ്ക്കളും മറ്റു ജീവജാലങ്ങളും ഇത്തരം കിണറിൽ വീണു ചാകാറുണ്ട്. പറന്പിലെ കൃഷി നനയ്ക്കുന്നതിനു കുഴിച്ച കിണറുകൾക്കു മിക്കയിടത്തും ആൾമറയില്ല.
സ്വകാര്യ വ്യക്തികളുടെ കിണറുകൾക്കു മാത്രമല്ല ആൾമറയില്ലാത്തത്. ആൾമറയില്ലാത്ത പൊതു കിണറുകളുമുണ്ട്. തൃശൂർ – കുന്നംകുളം റോഡിൽ മുണ്ടൂരിൽ വില്ലേജ് ഓഫീസിന്റേയും ഗ്രാമപഞ്ചായത്ത് ഓഫീസിന്റേയും കാന്പസിനു നടുവിലുള്ള പൊതു കിണറിന് ഉണ്ടായിരുന്ന ആൾമറ വർഷങ്ങൾക്കുമുന്പേ ഇടിഞ്ഞുവീണതാണ്.
ഇപ്പോഴത് ആൾമറയില്ലാത്ത കിണറാണ്. ഉപയോഗശൂന്യമായ കിണർ മാലിന്യങ്ങൾ തള്ളാനാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഈ കിണർ മൂടുകയോ ആൾമറ നിർമിക്കാനോ പഞ്ചായത്തും വില്ലേജ് ഓഫീസും തയാറാകുന്നില്ല.
കിണറിന് ആൾമറ നിർമിക്കാൻ പതിനായിരം മുതൽ ഇരുപതിനായിരം വരെ രൂപ ചെലവു വരും. ഇത്രയും പണം മുടക്കാൻ ശേഷിയില്ലാത്തതുകൊണ്ടല്ല മിക്കയിടത്തും കിണറുകൾ ആൾമറയില്ലാതെ നിലനിർത്തുന്നത്.
ആൾമറയില്ലാത്ത കിണറിൽ വീണ് ആളപായങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും മുൻകൈയെടുക്കണം. ഇത്തരം കിണറുകളുടെ വിവരങ്ങൾ ശേഖരിച്ച് ആൾമറ നിർമിക്കാൻ സ്ഥലമുടമകൾക്കു നോട്ടീസ് നൽകണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടപടിയെടുത്താൽ ഇത്തരം ദുരിതങ്ങൾ ഒഴിവാക്കാനാകും.