പാക്കിസ്ഥാൻ വെടിക്കെട്ട് ബാറ്റ്സ്മാനായ ഷാഹിദ് അഫ്രീദി ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി 1996ൽ സ്വന്തമാക്കിയത് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറിന്റെ ബാറ്റുകൊണ്ട്. 37 പന്തിൽ സെഞ്ചുറി തികച്ച അഫ്രീദി ആ നേട്ടത്തിലെത്തിയത് സച്ചിന്റെ ബാറ്റ് ഉപയോഗിച്ചായിരുന്നു. തന്റെ ആത്മകഥയായ ‘ഗെയിം ചെയ്ഞ്ചറി’ലാണ് അഫ്രീദി ഇക്കാര്യം വെളിപ്പെടുത്തിയത്.
സച്ചിൻ തെണ്ടുൽക്കർ തന്റെ ഇഷ്ട ബാറ്റ് സിയാൽകോട്ടിലെ സ്പോർട്സ് ഗൂഡ്സ് കന്പനിക്ക് എത്തിക്കാനായി വഖാർ യൂനിസിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ, ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ വഖാർ തനിക്ക് സച്ചിന്റെ ബാറ്റ് നല്കി.
മത്സരത്തിന്റെ തലേരാത്രിയിൽ ലങ്കൻ സ്പിന്നർമാരായ മുത്തയ്യ മുരളീധരനെയും സനത് ജയസൂര്യയെയും ധർമസേനയെയും പടുകൂറ്റൻ സിക്സർ പറത്തുന്നത് സ്വപ്നം കണ്ടതായും അഫ്രീദി കുറിക്കുന്നു. മത്സരത്തിൽ 40 പന്തിൽനിന്ന് 11 സിക്സും ആറ് ഫോറും അടക്കം 102 റണ്‍സ് ആണ് അഫ്രീദി അടിച്ചുകൂട്ടിയത്.