ഡബ്ലിൻ: ഏകദിന ക്രിക്കറ്റിലെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടിൽ പുതിയ റിക്കാർഡ്. വെസ്റ്റ് ഇൻഡീസിന്റെ ഓപ്പണർമാരായ ജോണ്‍ കാംബെലും ഷായ് ഹോപ്പും അയർലൻഡിനെതിരായ മത്സരത്തിൽ ഓപ്പണിംഗ് വിക്കറ്റിൽ അടിച്ചുകൂട്ടിയത് 365 റണ്‍സ്.
കാംബൽ 137 പന്തിൽ ആറ് സിക്സും 15 ഫോറും അടക്കം 179ഉം ഹോപ്പ് 152 പന്തിൽ രണ്ട് സിക്സും 22 ഫോറും അടക്കം 170ഉം റണ്‍സ് വീതം നേടി. ഇരുവരുടെയും മിന്നും ഇന്നിംഗ്സിന്റെ ബലത്തിൽ വിൻഡീസ് 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 381 റണ്‍സ് നേടി.
2018 ജൂലൈ 20ന് പാക്കിസ്ഥാന്റെ ഇമാം ഉൾ ഹഖും ഫഖാർ സമാനും സിംബാബ്വെയ്ക്കെതിരേ നേടിയ 304 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടാണ് ഇതോടെ പഴങ്കഥയായത്. ഏകദിനത്തിൽ രണ്ട് ഓപ്പണർമാരും 150 റണ്‍സിലധികം ഒരിന്നിംഗ്സിൽ നേടുന്നതും ഇതാദ്യമാണ്.
ഏകദിനത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ട് എന്ന നേട്ടവും കാംബലും ഹോപ്പും സ്വന്തമാക്കി. 2015ൽ വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ലും മർലോണ്‍ സാമുവൽസും രണ്ടാം വിക്കറ്റിൽ നേടിയ 372 റണ്‍സ് ആണ് ഏകദിനത്തിൽ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയർന്ന കൂട്ടുകെട്ട്.