മസ്തിഷ്ക ശസ്ത്രക്രിയയ്ക്കും റോബോട്ടുകള്‍! അപസ്മാരം മൂലം ബുദ്ധിമുട്ടിയ ഇരുപത്തിമൂന്നുകാരന്റെ രക്ഷയ്‌ക്കെത്തിയത് ഒരു റോബോട്ട്

operationഅപസ്മാരം മൂലം ഒരു ഇരുപത്തിമൂന്നുകാരന്‍ ബുദ്ധിമുട്ടിയത് പത്തു വര്‍ഷം. തത്കാലം അവനെ സന്ദീപ് ശര്‍മ (യഥാര്‍ഥ പേരല്ല) എന്നു വിളിക്കാം.   മരുന്നുകള്‍ എത്ര കഴിച്ചിട്ടും അവന്റെ അവസ്ഥയില്‍ മാറ്റമൊന്നും കണ്ടില്ല. എന്നാല്‍, ശസ്ത്രക്രിയയാകാമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. പക്ഷേ എംആര്‍ഐ സ്കാനില്‍ പ്രശ്‌നങ്ങളൊന്നും കാണാത്തതിനാല്‍ ആ തീരുമാനം ഉപേക്ഷിക്കേണ്ടി വന്നു.

പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടുനിന്ന അവന്റെ രക്ഷയ്‌ക്കെത്തിയത് ഒരു റോബോട്ടാണ്. വെറും റോബോട്ടല്ല, മസ്തിഷ്ക റോബോട്ട് അഥവാ ബ്രെയിന്‍ റോബോട്ട്. ആയിടെയാണ് ഡെല്‍ഹി എയിംസില്‍ ഈ നൂതന വിദ്യ അവതരിപ്പിക്കപ്പെട്ടത്. രോഗകാരണമാകുന്ന വൈദ്യുതതരംഗങ്ങളുടെ ഉത്ഭവം കണ്ടെത്തി അവയെ നീക്കം ചെയ്യാന്‍ ഈ റോബോട്ടുകള്‍ സഹായിച്ചു. അതോടെ സന്ദീപിന്റെ രോഗവും പൂര്‍ണമായി ഭേദമായി.

സന്ദീപ് മാത്രമല്ല, കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ ഏകദേശം അറുപതു പേര്‍ക്കാണ് ഈ റോബോട്ടുകള്‍ രക്ഷകരായത്. ഒരു ദശാബ്ദമായി പ്രസവം, ഹൃദ്‌രോഗം തുടങ്ങി പല വിഭാഗങ്ങളും റോബോട്ടുകളുടെ സഹായം തേടുന്നുണ്ടെങ്കിലും മസ്തിഷ്ക രോഗചികിത്സയില്‍ ഇവ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല.  നമ്മുടെ ശരീരത്തിലെ ഓരോ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിലെ ശസ്ത്രക്രിയകള്‍ സസൂക്ഷ്മം ചെയ്യേണ്ട ഒന്നാണ്. ഒരു മില്ലീമീറ്റര്‍ വ്യത്യാസംപോലം രോഗിയുടെ ജീവന്‍ നഷ്ടപ്പെടുത്തിയേക്കാം. പക്ഷേ ബ്രയിന്‍ റോബോട്ടുകള്‍ എല്ലാം ഭംഗിയായി ചെയ്യും.

Related posts