ന്യൂഡൽഹി: പ്രസവ ശേഷം യുവതിയുടെ ഗർഭാശയത്തിൽ സൂചി കണ്ടെത്തിയതുൾപ്പെടെയുള്ള ഗുരുതരമായ ചികിത്സാപിഴവിന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിക്ക് 30 ലക്ഷം രൂപ പിഴ. ഡൽഹി സ്റ്റേറ്റ് കൺസ്യൂമർ റിഡ്രസൽ കമ്മീഷൻ ആണ് ആശുപത്രിക്ക് പിഴ ചുമത്തിയത്.
ഡൽഹിയിലെ ശ്രീ ജീവാൻ ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി സമർപ്പിച്ച പരാതിയിലാണ് നടപടി. 2009ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആശുപത്രിയിൽ പ്രസവത്തിനെത്തിയ ഡൽഹി സ്വദേശിനി റുബീനയെ ചികിത്സിച്ചത് ഡോക്ടർ അല്ലെന്നും ഫാർമസിസ്റ്റാണെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
പ്രസവ ശസ്ത്രക്രിയക്കു ശേഷം സൂചി ഗർഭാശയത്തിൽ മറന്നു വച്ചതാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. 2009 സെപ്റ്റംബർ 15ന് പ്രസവം നടന്നതിനു ശേഷം യുവതിക്ക് ഗർഭാശയത്തിൽ നിരന്തരമായി വേദന അനുഭവപ്പെടുകയും രക്തസ്രാവമുണ്ടാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഇതേത്തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിയ യുവതിയെ എക്സറേയ്ക്ക് വിധേയയാക്കിയപ്പോഴാണ് ഗർഭാശയത്തിൽ സൂചി ഉണ്ടെന്ന് കണ്ടെത്തിയത്.
പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തത്. ദിവസങ്ങൾക്കു ശേഷം മറ്റൊരു ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ യുവതിക്ക് ഇനി ഗർഭം ധരിക്കാനാവില്ലെന്ന് വ്യക്തമായി. ഇതേത്തുടർന്നാണ് കേസ് നൽകിയത്. യുവതി നൽകിയ കേസിനെതിരെ ആശുപത്രി അധികൃതർ നൽകി ഹർജി കമ്മീഷൻ തള്ളി.
ഗുരുതര ചികിത്സാ പിഴവ് കൂടാതെ പ്രസവവുമായി ബന്ധപ്പെട്ട ചികിത്സകൾക്ക് നേതൃത്വം നൽകിയത് ഡോക്ടർ തന്നെയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും ആശുപത്രി അധികൃതർ നടത്തിയെന്നും കമ്മീഷൻ കണ്ടെത്തി. ആശുപത്രിയെ അനുകൂലിച്ച ഡൽഹി മെഡിക്കൽ കൗൺസിലിനെയും കമ്മീഷൻ രൂക്ഷമായി വിമർശിച്ചു.