വയറുവേദനയുമായി എത്തിയ യുവതിയുടെ പിത്താശയത്തിൽ നിന്നും കരളിൽ നിന്നുമായി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 200 കല്ലുകൾ. ചൈനയിലെ ഹെസ്ഹോവുവിലുള്ള ഗുവാൻജി ആശുപത്രിയിലാണ് അന്പരപ്പിക്കുന്ന സംഭവം നടന്നത്. ആറര മണിക്കൂർ നീണ്ട കഠിനപരിശ്രമത്തിനു ശേഷമാണ് ഡോക്ടർമാർ കല്ലുകൾ പുറത്തെടുത്തത്.
കഴിഞ്ഞ പത്തു വർഷമായി വയറ്റിൽ വേദനയുണ്ടായിരുന്ന 45കാരിയായ ചെനാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. വേദനയെ തുടർന്ന് ഇവർ ആദ്യം ആശുപത്രിയിൽ പോയപ്പോൾ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ അറിയിച്ചിരുന്നു എന്നാൽ കത്തികാണുന്നതു പോലും പേടിയായിരുന്ന ഇവർ അതിനു വിസമ്മതിക്കുകയായിരുന്നു. പിന്നീട് വേദന കലശലായതിനെ തുടർന്ന് ശസ്ത്രക്രിയക്ക് ഇവർ നിർബന്ധിതയാകുകയായിരുന്നു.
ഭക്ഷണശീലം കാരണമാണ് ചെനിന് ഇങ്ങനെ സംഭവിച്ചതെന്നാണ് ഇവരെ പരിശോധിച്ച ഡോക്ടർ പറയുന്നത്. പൈൻ മരത്തിലെ കറ ശേഖരിച്ച് ഉപജീവന മാർഗം കണ്ടെത്തിയിരുന്ന ചെൻ കൃത്യമായി ഭക്ഷണം കഴിക്കുമായിരുന്നില്ല. ഇതു മൂലം പിത്താശയത്തിലും കരളിലും കൊളസ്ട്രോളും കാൽസ്യവും അടിഞ്ഞതാണ് കല്ലായി മാറാൻ കാരണമായത്.
പ്രഭാത ഭക്ഷണം കഴിക്കാത്തവരിൽ ഇത്തരത്തിലുള്ള അസുഖം ഇപ്പോൾ വ്യാപകമായി കാണാൻ സാധിക്കുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു.