ജോധ്പുർ: ഓപ്പറേഷൻ തിയറ്ററിൽ സിസേറിയനിടെ ഡോക്ടർമാരുടെ തമ്മിലടി കാരണം നവജാതശിശു മരിച്ചു. രാജസ്ഥാനിലെ ജോധ്പുരിലുള്ള ഉമൈദ് ആശുപത്രിയിലാണ് സംഭവം. ഡോക്ടർമാരുടെ തമ്മിലടി ഓപ്പറേഷൻ തിയറ്ററിലെ ജീവനക്കാരിലൊരാൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ദാരുണ സംഭവം പുറത്തറിയുന്നത്.
ഓപ്പറേഷൻ തിയറ്ററിലെ ടേബിളിൽ ഒരു യുവതി കിടക്കുന്നതും ഇവരുടെ രണ്ടു വശങ്ങളിൽനിന്ന് ഡോക്ടർമാർ വാക്കേറ്റം നടത്തുന്നതുമാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഗർഭസ്ഥശിശുവിന്റെ ഹൃദയസ്പന്ദന നിരക്ക് കുറഞ്ഞതിനെ തുടർന്നാണ് അടിന്തരമായി യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. പ്രസവ ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോ. നൈൻവാളും അനസ്തേഷ്യ നൽകുന്ന ഡോക്ടർ താക്കും തമ്മിലുള്ള അഭിപ്രായ വ്യത്യാസമായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. വഴക്കിനു ശേഷം സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവനുണ്ടായിരുന്നില്ല.