അടിമാലി: മുപ്പത്തിയാറുകാരിയുടെ വയറ്റിൽനിന്നും ഏഴര കിലോഗ്രാം വരുന്ന മുഴ പുറത്തെടുത്തു. മൂന്നാർ സ്വദേശിനിയായ യുവതി കലശലായ വയറുവേദനയും അനുബന്ധ അസ്വസ്ഥതകളുമായി ഒരുവർഷത്തോളമായി വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിവരുകയായിരുന്നു. രണ്ടു ദിവസം മുന്പാണ് അടിമാലിയിലെത്തിയത്. മോർണിംഗ് സ്റ്റാർ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം നടത്തിയ പരിശോധനയിലാണ് അണ്ഡാശയത്തിൽ മുഴ കണ്ടെത്തിയത്.
തുടർന്ന് ഇന്നലെ ഡോ. ജ്യോതി, ഡോ. ഭവ്യ എന്നിവരുടെ നേതൃത്വത്തിൽ ഒരുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലാണ് വലുപ്പമേറിയ മാംസപിണ്ഡം പുറത്തെടുത്തത്. വിവാഹിതയായ ഇവർക്ക് മക്കളുമുണ്ട്. മുഴ വിശദമായ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. യുവതി സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.