കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. 24 മണിക്കൂർ സമയം നിരീക്ഷണത്തിൽ കഴിയുന്ന കുഞ്ഞിനെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നതു സംബന്ധിച്ചു ഇന്നു വൈകിട്ടോടെമാത്രമേ തീരുമാനമുണ്ടാകുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കുഞ്ഞിന്റെ ഹൃദയത്തിൽ ദ്വാരവും വാൽവിനു തകരാറുമുണ്ട്. ശിശുവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും 24 മണിക്കൂർ സമയം നിരീക്ഷിച്ചശേഷം മാത്രമേ ശസ്ത്രക്രിയയെക്കുറിച്ചും തുടർ ചികിത്സാനടപടികളെക്കുറിച്ചും പറയാൻ സാധിക്കുകയുള്ളുവെന്നും ആശുപത്രി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഡോ. കൃഷ്ണകുമാറിന്റെയും ഡോ. ആർ. ബ്രിജേഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞിനെ നിരീക്ഷിക്കുന്നത്.
പതിനഞ്ചു ദിവസംമാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്ന് അഞ്ചര മണിക്കൂർകൊണ്ടാണ് ഇന്നലെ വൈകിട്ടു കൊച്ചിയിലെത്തിച്ചത്. കുഞ്ഞിനെ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
സംഭവമറിഞ്ഞ ആരോഗ്യമന്ത്രി കുഞ്ഞിനു അമൃത ആശുപത്രിയിൽ ചികിത്സാസൗകര്യം ഒരുക്കുകയായിരുന്നു ആംബുലൻസ് മിഷൻ എന്ന ദൗത്യത്തിലൂടെ പോലീസും നാട്ടുകാരും ചേർന്നു വഴിയിലുടനീളമുള്ള ഗതാഗത തടസങ്ങൾ ഒഴിവാക്കിയാണു കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. കാസർഗോഡ് വിദ്യാനഗർ പാറക്കട്ട സ്വദേശികളായ സാനിയ-മിത്താഹ് ദന്പതികളുടെ പെണ്കുഞ്ഞിനാണ് ഈവിധം ചികിത്സ ലഭ്യമാക്കിയത്.
ഇന്നലെ രാവിലെ 11 ഓടെ മംഗലാപുരത്തുനിന്നു കുഞ്ഞുമായി പുറപ്പെട്ട ആംബുലൻസ് വൈകുന്നേരം നാലരയോടെ അമൃത ആശുപത്രിയിലെത്തി. മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയിൽ പെട്രോളടിക്കാൻ 10 മിനിറ്റ് ചെലവഴിച്ചതൊഴിച്ചാൽ യാത്രയിൽ സമയനഷ്ടമുണ്ടായിട്ടില്ല.
വാഹനം കടന്നുപോകുന്ന വഴിയിൽ ഗതാഗതതടസം ഉണ്ടാകാതിരിക്കാൻ എല്ലാവരും സഹകരിക്കണമെന്നു ദൗത്യം ഏറ്റെടുത്ത ചൈൽഡ് പ്രൊട്ടക്ഷൻ ടീം കേരള ഫേസ്ബുക്ക് പേജിലൂടെ അഭ്യർഥിച്ചിരുന്നു. ആംബുലൻസ് പോകുന്ന റൂട്ട് ലൈവായി പേജിൽ നൽകുകയും ചെയ്തു.
പോസ്റ്റ് കണ്ടവർ ഷെയർ ചെയ്തതോടെ വിവരം നാടുനീളെ പരന്നു. കുഞ്ഞുമായി വരുന്ന ആംബുലൻസിനു വഴിയൊരുക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്കിൽ അഭ്യർഥന നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയോടെ യാത്രയാരംഭിക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീടു ഡോക്ടർമാരുടെ നിർദേശപ്രകാരം യാത്ര പകൽ ആക്കുകയായിരുന്നു.