ന്യൂഡല്‍ഹി: രാഷ്ട്രീയ അനശ്ചിതത്വം തുടരുന്ന മാലദ്വീപിലേക്കാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍. പ്രസിഡന്റ് അബ്ദുള്ള യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ലോകം ഉറ്റുനോക്കുന്നത് വിഷയത്തോടുള്ള ഇന്ത്യയുടെ പ്രതികരണമാണ്. മുമ്പും ഇത്തരം പ്രതിസന്ധികള്‍ എത്തിയപ്പോള്‍ ഇന്ത്യ മാലദ്വീപിന്റെ രക്ഷയ്‌ക്കെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഇടപെടല്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നയിക്കുമെന്ന ചൈനയുടെ നിലപാടിലൂടെ വിഷയം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ചൂടുപിടിക്കുകയാണ്. ചൈനയുടെ ഇടപെടലോടെ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ നിലപാടിനായി കാക്കുകയാണ്. മുമ്പ് രാഷ്ട്രീയ അട്ടിമറിയുടെ വക്കിലെത്തിയ മാലദ്വീപിനെ രക്ഷിച്ചത് ഇന്ത്യയുടെ ഇടപെടലായിരുന്നു. ഇത്തരമൊരു ഇടപെടലാണ് അമേരിക്ക ഇന്ത്യയില്‍ നിന്ന് ഇത്തവണയും പ്രതീക്ഷിക്കുന്നത്. ചൈനയ്ക്ക് തിരിച്ചടി നല്‍കാന്‍ ഇത് അത്യാവശ്യമാണെന്ന് അമേരിക്ക കരുതുന്നുണ്ട്.
ഇന്ത്യന്‍ നഗരമായ ചെന്നൈയില്‍ നിന്നും 1300 കിലോ മീറ്റര്‍ അകലെയാണ് ദ്വീപരാഷ്ട്രമായ മാലദ്വീപിന്റെ സ്ഥാനം. ഏറെ കാലത്തെ ബന്ധമാണ് ഇന്ത്യയുമായി മാലദ്വീപിനുള്ളത്. മാലദ്വീപില്‍ നിന്നും നിരവധി പേരാണ് ഉയര്‍ന്ന വിദ്യാഭ്യാസത്തിനും മികച്ച ചികിത്സയ്ക്കുമായി വര്‍ഷം തോറും ഇന്ത്യയിലേക്ക് എത്തുന്നത്. കൂടാതെ ആവശ്യ സാധനങ്ങള്‍ക്കായി മാലദ്വീപ് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും ഇന്ത്യയെ തന്നെ. അങ്ങനെ വര്‍ഷങ്ങളായി മികച്ച നയതന്ത്രം ബന്ധം നിലനിര്‍ത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും മാലദ്വീപും. എന്നാല്‍ മാലദ്വീപിലെ ഭരണപ്രതിസന്ധി തുടരുന്നതിനിടെ പ്രസിഡന്റ് അബ്ദുള്ള യമീന്‍ ഇന്ത്യ ഒഴികെയുള്ള മൂന്ന് സുഹൃദ് രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രതിനിധികളെ അയയ്ക്കാന്‍ തീരുമാനിച്ചത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ചൈന, പാകിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രതിനിധികളെ അയയ്ക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയെ മനപൂര്‍വം ഒഴിവാക്കിയ യമീന്‍ 1988ലെ ഓപ്പറേഷന്‍ കാക്റ്റസ് മറന്നു പോവുകയാണെന്ന ആക്ഷേപവുമുയരുന്നുണ്ട്…
ലോകത്തെയാകെ ഞെട്ടിച്ച ഓപ്പറേഷന്‍ കാക്റ്റസ് ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തിലെ ഒരു വീറുറ്റ അധ്യായമാണ്. ആകാശവും കരയും ജലവും ഒരു പോലെ വഴങ്ങുന്നവര്‍ ആണ് ഇന്ത്യന്‍ സൈനികര്‍ എന്നത് ലോകത്തിന് മുന്നില്‍ തെളിയിച്ച ഇന്ത്യന്‍ ജവാന്മാരുടെ വീരഗാഥയായിരുന്നു അത്. മാലദ്വീപിലെ വ്യാപാരിയായ അബ്ദുള്ള ലുത്തുഫി ശ്രീലങ്കന്‍ തീവ്രവാദ സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് തമിഴ് ഈല (വേലുപ്പിള്ള പ്രഭാരകനില്‍ തെറ്റിപ്പിരിഞ്ഞ് ഉമാ മഹേശ്വരന്‍ രൂപീകരിച്ച സംഘടനയാണിത്) ത്തിന്റെ സഹായത്തോടെ ഭരണ അട്ടിമറിക്ക് ശ്രമിച്ചതാണ് 1988ലെ പ്രതിസന്ധിക്ക് കാരണം. ഇതോടെ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയോട് മാലദ്വീപ് പ്രസിഡന്റ് മൗമൂന്‍ അബ്ദുള്‍ ഖയാം സഹായം തേടുകയായിരുന്നു. തുടര്‍ന്ന് 1600 പേരുള്ള സൈനിക ട്രൂപ്പിനെ അദ്ദേഹം അടിയന്തരമായി മാലദ്വീപിലേക്ക് അയച്ചു. 1988 നവംബര്‍ മൂന്നിനാണ് ഇന്ത്യന്‍ ഓപ്പറേഷന്‍ ആരംഭിച്ചത്.
ഇന്ത്യന്‍ വ്യോമസേനയാണ് ആദ്യം മാലദ്വീപില്‍ എത്തിയത്. പിന്നാലെ കരസേനയും എത്തി. മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന എ.കെ ബാനര്‍ജിയുടെ നിര്‍ദേശത്തിലായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നേറ്റം. മാലദ്വീപിലെ ഭൂമിശാസ്ത്രം അറിയാവുന്ന ഏക വ്യക്തിയായിരുന്നു ബാനര്‍ജി. തീവ്രവാദികളുമായി കടുത്ത പോരാട്ടമാണ് സൈന്യം നടത്തിയത്. നിരവധി പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ തടങ്കലിലാക്കിയ രണ്ടുപേരും ഇക്കൂട്ടത്തില്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ നേവിയും ആര്‍മിയും തമ്മിലുള്ള ആശയവിനിമയത്തിലൂടെയാണ് പല തീവ്രവാദികളെയും പിടിക്കാന്‍ സാധിച്ചത്. ഇവരെ പിന്നീട് മാലിദ്വീപ് സര്‍ക്കാരിന് കൈമാറുകയായിരുന്നു. ഇതുപോലൊരു ഓപ്പറേഷന് ഇന്ത്യ ഒരിക്കല്‍ കൂടി മുതിരുമോ എന്നാണ് ലോക ഉറ്റു നോക്കുന്നത്.