പത്തനംതിട്ട: ലഹരിക്കെതിരേ കഴിഞ്ഞ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 31 വരെ ഡി ഹണ്ട് എന്ന പേരില്‍ പോലീസ് നടത്തിയ പ്രത്യേക പരിശോധനകള്‍ക്കിടെ 258 കേസുകളിലായി 263 പേര് അറസ്റ്റില്‍.ഇവരില്‍ നിന്നായി 6.571 ഗ്രാം എംഡിഎംഎ യും 3.657 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് ബീഡി വലിച്ച 228 പേരെയും പിടികൂടി.
റെയ്ഡുകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുമെന്നും ലഹരിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാര്‍ പറഞ്ഞു.ഈവര്‍ഷം ഇതേവരെ 0.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉള്‍പ്പെടെ 17 കിലോയോളം കഞ്ചാവാണ് പിടികൂടിയത്.
ആറു ഗ്രാം ഹാഷിഷ് ഓയിലും 3.67 ഗ്രാം എംഡിഎംഎയും1.01 ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നുമാസത്തിനിടെ പിടികൂടാനായത് മുന്‍വര്‍ഷങ്ങളിലെ ഇക്കാലയളവില്‍ പിടികൂടിയതിനേക്കാള്‍ കൂടുതല്‍ അളവിലുള്ള ലഹരിവസ്തുക്കളാണ്.
2024ല്‍ മൊത്തം 48 കിലോയിലധികം കഞ്ചാവും 11 ഗ്രാം ബ്രൗണ്‍ ഷുഗറും 11. 950 ഗ്രാം എംഡിഎംഎയുമാണ് വിവിധ കേസുകളില്‍ പിടികൂടിയത്. 2023ലാകട്ടെ 116 കിലോയോളം കഞ്ചാവും 1.045 കിലോ ഹാഷിഷ് ഓയിലും 0.965 കിലോ ചരസും 3.60 ഗ്രാം ഹെറോയിനും 513.640 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. 2022ല്‍ 35.5 കിലോയോളം കഞ്ചാവ്, 36 ഗ്രാം ഹാഷിഷ് ഓയില്‍, ഒരു കഞ്ചാവ് ചെടി, 169.596 ഗ്രാം എംഡിഎംഎ എന്നിങ്ങനെയും പിടിച്ചെടുത്തു.
കുറഞ്ഞ അളവിലുള്ള ലഹരിവസ്തുക്കളുമായി പിടിയിലാകുന്നവര്‍ക്ക് സ്റ്റേഷന് ജാമ്യം തന്നെ ലഭിക്കുന്നുവെന്നതിനാല്‍ ഏറെപ്പേരും ഇതു മനസിലാക്കിയാണ് സാധനങ്ങള്‍ സൂക്ഷിക്കാറുള്ളതെന്ന് പോലീസ് പറയുന്നു.
കഞ്ചാവ്, എംഡിഎംഎ ലഹരി ഉത്പന്നങ്ങളുടെ അളവിന്റെയും തൂക്കത്തിന്റെയും അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗമായി തിരിച്ചിരിക്കുന്നത് ചെറുത്, ഇടത്തരം, വ്യാവസായികം എന്നിങ്ങനെയാണ് തരംതിരിവ്. കഞ്ചാവ് ഒരു കിലോയില്‍ താഴെയും എംഡിഎംഎ .5 ഗ്രാമിനു താഴെയും ചെറിയ അളവായി കണക്കാക്കുന്നു.