ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. പത്തനംതിട്ട കോന്നി പ്രമാടം പഞ്ചായത്ത് കുളത്തുങ്കൽ നെല്ലിക്കുഴി മുരുപ്പേൽ ഓമനയാണ് പരാതിക്കാരി. ഇവരുടെ മകൾ പുനലൂർ നെല്ലിപ്പള്ളിവിളക്കു വെട്ടം പുന്നശ്ശേരി അലക്സിന്റെ ഭാര്യ കവിത (30)യാണ് മരിച്ചത്.
കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ മാസം 28ന് രാവിലെ ആറിനാണ് മരിച്ചത്. മരണത്തെ തുടർന്ന് ഗാന്ധിനഗർ സ്റ്റേഷനിൽ പരാതി നൽകിയിട്ടും യാതൊരുവിധ അന്വേഷണവും നടന്നില്ലെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമ്മീഷൻ, പട്ടികജാതി കമ്മീഷൻ, ഡെപ്യൂട്ടി സ്പീക്കർ എന്നിവർക്ക് തൽകിയ പരാതിയിൽ പറയുന്നു.
ഇന്നലെ മുഖ്യമന്ത്രിയടക്കം എല്ലാവരേയും നേരിൽ കണ്ടാണ് പരാതി നൽകിയത്. പരാതി കേട്ട മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിക്കാമെന്നും മാതാവ് നഷ്ടപ്പെട്ട രണ്ടു കുട്ടികളുടെ സംരക്ഷണത്തിനായി യുവതിയുടെ ഭർത്താവിന് എന്തെങ്കിലും തൊഴിൽ നൽകണമെന്നുള്ള അപേക്ഷ അനുഭാവപൂർവം പരിഗണിക്കാമെന്നും ഉറപ്പു നൽകി. നിവേദനം സ്വീകരിച്ച പ്രതിപക്ഷ നേതാവ് ഉടൻ തന്നെ ഇവർക്ക്ആവശ്യമായ സഹായം ചെയ്യുവാൻ മുഖ്യമന്തിക്ക് കത്ത് നൽകാമെന്ന് ഉറപ്പു നല്കി.
മെയ് 13നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും കവിതയെ പ്രസവചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 14 ന് വൈകുന്നേരം സിസേറിയൻ നടത്തി. നവജാത ശിശുവിന് മൂന്നാഴ്ചത്തെ വളർച്ചക്കുറവുണ്ടെന്ന പേരിൽ കുട്ടിയെ നഴ്സറിയിലാക്കി. തുടർന്ന് മൂന്നു ദിവസം കഴിഞ്ഞപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന കവിതയെ വാർഡിലേയ്ക്ക്മാറ്റി.
രണ്ടു ദിവസം പിന്നിട്ടപ്പോൾ കവിതയുടെ വയർ അമിതമായി വീർക്കുന്നത് മാതാവ് ഓമനയുടെ ശ്രദ്ധയിൽപ്പെട്ടു. വിവരം ഡ്യൂട്ടിയിലുള്ള ഡോക്ടറോട് പറഞ്ഞു. ഗ്യാസ്ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്നു നൽകിയെങ്കിലും രോഗശമനമുണ്ടായില്ല. തുടർന്ന് ബന്ധുക്കൾ മുതിർന്ന ഡോക്ടർമാരോട് പറയുകയും വയർ വീണ്ടും ശസ്ത്രക്രിയ ചെയ്ത ശേഷം ഗൈനക്കോളജി വെന്റിലേറ്ററിലേയ്ക്ക് മാറ്റി.
ഇതിനിടയിൽ മകളെ കാണണമെന്ന് കവിതയുടെ അമ്മ ഓമന നിർബന്ധം പിടിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. അമ്മ മകളെ കാണാനായി തീവ്രപരിചരണ വിഭാഗത്തിൽ കയറി. അപ്പോഴാണ് ശസ്ത്രക്രിയ കഴിഞ്ഞ ഭാഗത്തും രഹസ്യ ഭാഗത്തു കൂടിയും പുഴുപ്പ് വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് മുറിവ് ഉണങ്ങിവരുന്പോഴുണ്ടാകുന്നതാണെന്ന് ഡോക്ടർമാർ അറിയിച്ചു. 26 ന് ആരോഗ്യനില കൂടുതൽ മോശമാകുകയും ബന്ധുക്കളെ വിവരം അറിയിക്കുവാനും ഡോക്ടർമാർ ആവശ്യപ്പെട്ടു.
ഈ സമയം ആശുപത്രിയിൽ കവിതയുടെ ഭർത്താവും അമ്മ ഓമനയും മാത്രമാണുണ്ടായിരുന്നത്. ഭർത്താവിന് 50 ശതമാനം കാഴ്ചശക്തിയേയുള്ളു. സന്ധ്യയോടെ ബന്ധുക്കൾ എത്തുകയും പിന്നീട് പ്രധാന കെട്ടിട്ടത്തിൽ പ്രവർത്തിക്കുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മാറ്റിയെങ്കിലും 28ന് രാവിലെ കവിത മരിച്ചു. പരാതിയുള്ളതിനാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം ഓമനയും മറ്റ് ബന്ധുക്കളും ജില്ലാ കളക്ടർക്ക് പരാതി നൽകി.
പരാതി നൽകുന്നതിനിടയിൽ ഓമന കളക്ടറുടെ ചേന്പറിൽ കുഴഞ്ഞ് വീഴുകയും ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത ശേഷം ഗാന്ധിനഗർ പോലീസിലും പരാതി നൽകുകയായിരുന്നു. എന്നാൽ നാളിതുവരെ ആയിട്ടും ഒര ന്വേഷണവും നടക്കാത്തതിനാലാണ് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയതെന്നും ഇവർ പറയുന്നു.